2019 ലോകകപ്പിലെ അതേ പ്രശ്‌നം ഇന്ത്യയ്ക്ക് ഇപ്പോഴുമുണ്ട്; ചൂണ്ടിക്കാട്ടി അനില്‍ കുംബ്ലെ

ഇംഗ്ലണ്ടില്‍ നടന്ന 2019 ഏകദിന ലോകകപ്പ് മുതലുള്ള അതേ പ്രശ്നം ഇന്ത്യക്കു ഇപ്പോഴും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ഇന്ത്ന്‍ മുന്‍ പരിശീലകനും താരവുമായ അനില്‍ കുംബ്ലെ. കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ ഇല്ലെന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നമെന്നും അതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും നടന്നിട്ടില്ലെന്നും കുംബ്ലെ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ നിന്നും ഈ ലോകകപ്പിലേക്കു വന്നപ്പോഴും ഇന്ത്യക്കു ആ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. നമുക്കു കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ ആവശ്യമാണ്. 2019ലെ ലോകകപ്പിലും ഇതേ ദൗര്‍ബല്യം ടീമിനുണ്ടായിരുന്നു. പക്ഷെ അതിനു ഉത്തരം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും നടന്നിട്ടില്ല.

ബാറ്റിംഗിനൊപ്പം ബോളിംഗില്‍ കൂടി ടീമിനെ സഹായിക്കാന്‍ പറ്റുന്ന താരങ്ങള്‍ ഇന്ത്യക്കില്ല. ബാറ്റിംഗ് കൂടി അറിയുന്ന ബോളര്‍മാര്‍ നമുക്കുണ്ട്. പക്ഷെ അതു രണ്ടാമത്തെ കാര്യമാണ്. ബോള്‍ ചെയ്യാവുന്ന ബാറ്റര്‍മാരെയാണ് ടീമിനു ആവശ്യം. അതു ടീമിനു കൂടുതല്‍ ആഴം നല്‍കും.

നമുക്കു കഴിഞ്ഞ ലോകകപ്പിനു ശേഷം നാലു വര്‍ഷം ലഭിച്ചു. ഈ തരത്തിലുള്ള ബാറ്റിംഗ് ഓള്‍റൗണ്ടര്‍മാരെ ഈ സമയത്തിനുള്ളില്‍ വളര്‍ത്തി എടുക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ ടീമിനു ബാറ്റിംഗില്‍ നല്ല ആഴമുണ്ട്. ഏഴാം നമ്പറില്‍ വരെയുള്ളവര്‍ ബാറ്റ് ചെയ്യുന്നവരാണ്. പക്ഷെ ഇവരില്‍ ബോളിംഗില്‍ മികച്ച ഓപ്ഷന്‍ ജഡേജ മാത്രമാണ്- കുംബ്ലെ പറഞ്ഞു.