ദക്ഷിണാഫ്രിക്കയില്‍ അടുത്ത മത്സരം ജയിക്കാന്‍ കെ.എല്‍. രാഹുല്‍ തിരുത്തേണ്ട മൂന്ന് തെറ്റുകള്‍

ദക്ഷിണാഫ്രിക്കയില്‍ നായകനായുള്ള തുടക്കം കയ്പു നീരായിരുന്നു എങ്കിലും ഭാവിയിലെ ടീമിന്റെ നായകസ്ഥാനത്തേക്ക് ഇന്ത്യ ഉറ്റുനോക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് കെഎല്‍ രാഹുല്‍. പക്ഷേ ഇന്ത്യയ്ക്ക് ഒരു മികച്ച ഭാവിടീമിനെ വാര്‍ത്തെടുക്കാനും തന്റെ ക്യാപ്റ്റന്‍സി രാകി മിനുക്കാനും രാഹുല്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ആദ്യ ഏകദിനം പരാജയപ്പെട്ടെങ്കിലും ഇനിയും രണ്ടു മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ പരമ്പരയില്‍ ഇനിയും ഇന്ത്യയ്ക്ക് അവസരമുണ്ട്. ആദ്യ മത്സരത്തില്‍ തന്ത്രങ്ങളൊരുക്കുന്നതില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തിയാല്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ച് ടീമിന് തിരിച്ചുവരാനുമാകും.

മികച്ച തുടക്കം മുതലാക്കേണ്ട മദ്ധ്യനിര

മദ്ധ്യനിരയായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. ആദ്യ ഏകദിനത്തില്‍ ഇതിന്റ സൂചന കൃത്യമായി കിട്ടുകയും ചെയ്തു. വിരാട് കോഹ്ലിയും ശിഖര്‍ ധവാനും മുന്‍നിരയില്‍ മികച്ച അടിത്തറയിട്ടിട്ടും അത് മുതലാക്കാന്‍ മദ്ധ്യനിരയ്ക്ക് കഴിഞ്ഞില്ല. ടെസ്റ്റില്‍ അജിങ്ക്യാരഹാനേയും ചേതേശ്വര്‍ പൂജാരയും പരാജയപ്പെട്ട സ്ഥാനത്ത് ഏകദിനത്തില്‍ ആ പിഴവ് ശ്രേയസ് അയ്യരുടേയും ഋഷഭ് പന്തിന്റെയും രൂപത്തിലാണ് ഇന്ത്യയെ ബാധിച്ചത്.

കോഹ്ലിയും ധവാനും ഒത്തു ചേര്‍ന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയില്‍ എത്തിച്ച സ്‌കോര്‍ ഏതാനും ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ആറിന് 188 എന്ന നിലയിലായി. ഏത് എതിരാളികളില്‍ നിന്നും കളി തട്ടിയെടുക്കാന്‍ മിടുക്കുള്ള ഒരു പറ്റം യുവതാരങ്ങളുള്ളപ്പോഴാണ് സ്ഥിരത ഇല്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യ തകര്‍ന്നത്. ഈ സ്ഥിരതയില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ട്വന്റി20 ലോകകപ്പിന് പുറമേ 2023 ല്‍ നടക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് വിനയായി മാറാനാണ് സാധ്യത.

പിടിച്ചുനില്‍ക്കുക ദക്ഷിണാഫ്രിക്കയുടെ വിജയമന്ത്രം

മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് മികച്ച തുടക്കം കിട്ടിയതാണ്. എന്നാല്‍ തുടക്കം പാളിയതില്‍ അന്ധാളിക്കാതെ ബാറ്റ് ചെയ്ത ടെമ്പാ ബാവുമയും ഡുസനും ചേര്‍ന്ന മദ്ധ്യനിര കൂട്ടുകെട്ട് അവരെ പിടിച്ചുയര്‍ത്തി. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് കത്തിക്കയറിയപ്പോള്‍ ഇന്ത്യയൂടെ ബൗളിംഗ് അമ്പേ പാളി.

രണ്ടാ ടെസ്റ്റില്‍ തന്നെ ക്രീസില്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത ദക്ഷിണാഫ്രിക്കയുടെ മദ്ധ്യനിര തിരിച്ചറിഞ്ഞിരുന്നു. ഏകദിനത്തിലൂം ഇന്ത്യന്‍ ബൗളിംഗിന് ഇരുവരും ചേര്‍ന്ന് സമ്മര്‍ദ്ദമുണ്ടാക്കി. സ്‌ട്രൈക്കുകള്‍ പരസ്പരം കൈമാറിയും സിംഗിളുകളും ഡബിളുകളും എടുത്ത് മോശം പന്തിനെ തെരഞ്ഞുപിടിച്ച് അതിര്‍ത്തി കടത്തിയും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് മികച്ച രീതിയില്‍ മുമ്പോട്ട് പോയി.

ബൗളിംഗ് ചേഞ്ചുകള്‍ വേണ്ടവണ്ണം ഉപയോഗിച്ചില്ല

താമസിച്ച് തുടങ്ങിയ രണ്ടാം ടെസ്റ്റില്‍ ബുംറെയെയും അശ്വിനെയും ഉപയോഗിച്ചുള്ള സ്പിന്‍ പേസ് അറ്റാക്കായിരുന്നു രാഹുല്‍ പരീക്ഷിച്ചത്. ഡീന്‍ എല്‍ഗാറിനെയും ഡുസനെയൂം ബുംറ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നിരുപദ്രവകാരിയായി നിന്നു. ഷമിയെ കൊണ്ടുവന്നത് ഏറെ വൈകിയായിരുന്നു. ശാര്‍ദ്ദുല്‍ ഠാക്കൂറിനും കാര്യമായ ചലനം ഉണ്ടാക്കാനായില്ല. സമാന രീതി തന്നെ ഏകദിനത്തിലും കെഎല്‍ രാഹുല്‍ പരീക്ഷിച്ചു.

മിഡില്‍ ഓവറുകളിലും രാഹുല്‍ കൊണ്ടുവന്നത് ബുംറയേയും ഭുവനേശ്വറിനെയുമായിരുന്നു. ഡെത്ത് ഓവറിലേക്ക് കരുതിവെച്ചതാകട്ടെ പരിചയ സമ്പന്നത ഇല്ലാത്ത ശാര്‍ദ്ദൂലിനെയും. അവസാന ഓവറില്‍ 17 റണ്‍സ് വന്നപ്പോള്‍ അവസാന പത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത് 86 റണ്‍സായിരുന്നു.