ഇന്ത്യയുടെ പുതിയ യുവതാരം വെങ്കിടേഷിന്റേത് ഒന്നൊന്നര ലക്ക് ; തേടി വന്നിരിക്കുന്ന അപൂര്‍വ്വഭാഗ്യം

ചിലര്‍ക്ക് പരമ്പരയ്ക്ക് പകുതിയ്ക്ക് വെച്ച്. മറ്റു ചിലര്‍ക്ക്് ടീമിലെടുത്താലും കളിക്കാന്‍ അവസരം കിട്ടുക പോലുമില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിലെ നവാഗതന്‍ ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യറിന്റേത് ഒന്നൊന്നര ലക്കാണ്. ട്വന്റി20 യിലും ഏകദിനത്തിലും ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറാന്‍ അവസരം കിട്ടുക എന്ന അപൂര്‍വ്വഭാഗ്യമാണ് തേടി വന്നിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ടീമില്‍ ഉള്‍പ്പെടാനുള്ള സാഹചര്യം ഓള്‍റൗണ്ടര്‍ വെങ്കടേഷിന് കിട്ടി. ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയതിനു പിന്നാലെ ഇപ്പോഴിതാ ഏകദിനത്തിലും അദ്ദേഹം ആദ്യ മല്‍സരം കളിച്ചിരിക്കുകയാണ്.

ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി പുതിയൊരു സീം ബൗളിങ് ഓള്‍റൗണ്ടറായി താരത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് വെങ്കിടേഷിനെ ടീമില്‍ എടുത്തിരിക്കുന്നത്. പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും ഹാര്‍ദിക്കിനെ വിടാതെ പിന്തുടരവെയാണ് മികച്ചൊരു ബാക്കപ്പിനെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയത്.

ടി20 ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് വെങ്കിടേഷ് ആദ്യമായി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. രോഹിത് ശര്‍മ പുതിയ ക്യാപ്റ്റനായ ശേഷം ഇന്ത്യ കളിച്ച ആദ്യ പരമ്പരയിലെ ആദ്യ മത്സരതതില്‍ തന്നെ വെങ്കിടേഷിനെ ടീമില്‍ എടുക്കുകയും ചെയ്തു.

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മധ്യപ്രദേശിന്റെ ജഴ്സിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ബാറ്റിങിലും ബൗളിങിലും കാട്ടിയ മികവാണ് താരത്തെ ടീമില്‍ എത്തിച്ചത്. ആറു മല്‍സരങ്ങളില്‍ നിന്നും 63.16 ശരാശരിയില്‍ 379 റണ്‍സാണ് വെങ്കടേഷ് നേടിയത്. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്. 151 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. കൂടാതെ ഒമ്പതു വിക്കറ്റുകളും താരം വീഴ്ത്തി. ഇതാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വെങ്കടേഷിന് ഇടം നേടിക്കൊടുത്തത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ രണ്ടാംപാദമാണ് വെങ്കടേഷിന്റെ കരിയറിലെ വഴിത്തിരിവായത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായി ഓപ്പണ്‍ ചെയ്ത അദ്ദേഹം 10 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 370 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ വിജയത്തിലും നിര്‍ണ്ണായക പങ്കു വഹിച്ചു.