ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര; വീഴ്ത്താന്‍ തന്ത്രങ്ങളുണ്ട്; കോഹ്‌ലിയെയും രോഹിത്തിനെയും വെല്ലുവിളിച്ച് കോയിറ്റ്സി

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കായി നാളെ വേദിയൊരുങ്ങും. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമടക്കം മികവ് തെളിയിച്ചെങ്കിലും ദക്ഷിണാഫ്രിക്കയിലെ മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇരു ടീമുകള്‍ക്കൊപ്പവും ഇത്തവണ കരുത്തുറ്റ താര നിര ഒപ്പമുണ്ട്. ദക്ഷിണാഫ്രിക്കയുടെ തീപാറുന്ന പന്തുകളാണ് ഇത്തവണ ഇന്ത്യന്‍ ടീമിന് വെല്ലുവിളി ഉയര്‍ത്തുക.

ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ടീമില്‍ ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും. അതേ സമയം വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനത്തിലാണ് ആരാധകരുടെ പ്രതീക്ഷ. രോഹിത്തിനും കോലിക്കും മേലുള്ള ആരാധകരുടെ പ്രതീക്ഷ ഭാരം ഇത്തവണ വര്‍ദ്ധിക്കും.

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ ജെറാള്‍ഡ് കോയിറ്റ്സി ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയതോടെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മ്മയും മികവുറ്റ താരങ്ങളാണെങ്കിലും ഇരുവരെയും ക്രീസില്‍ കൂപ്പുകുത്തിക്കാന്‍ തന്റെ കൈയില്‍ തന്ത്രങ്ങളുണ്ടെന്നാണ് കോയിറ്റ്സിയുടെ വാദം.

കോലിയും രോഹിത്തും മികവുറ്റ ബാറ്റ്സ്മാന്‍മാരാണ്. ഇരുവരും വലിയ താരങ്ങളാണ്. വലിയ പോരാട്ടം നടക്കും. എന്നാല്‍ തനിക്ക് വെല്ലുവിളി ഇഷ്ടമാണ്. ഇരുവരെയും പുറത്താക്കാനുള്ള തന്ത്രം എന്റെ കൈയിലുണ്ടെന്നാണ് കോയിറ്റ്സി പറയുന്നത്. കൂടാതെ ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിന് അനുകൂലവുമാണ്.

പന്തുകള്‍ക്ക് നല്ല ബൗണ്‍സ് കൂടി ലഭിക്കുന്നതാണ് ദക്ഷിണാഫ്രിക്കന്‍ പിച്ച്. അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ബാറ്റിങ് സുഗമമായിരിക്കില്ല. ശരവേഗത്തിലെത്തുന്ന ദക്ഷിണാഫ്രിക്കന്‍ പന്തുകളെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കഷ്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കോയിറ്റ്സി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മിന്നല്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഡെയ്ല്‍ സ്റ്റെയിന്റെ ബൗളിങുമായി ഏറെ സാമ്യതകളുള്ളതാണ് കോയിറ്റ്സിയുടെ ബൗളിങ്. ലൈനിലും ലെങ്തിലും മികവാര്‍ന്ന പന്തുകളുമായെത്തുന്ന കോയിറ്റ്സി ഇന്ത്യന്‍ നിരയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

സ്റ്റംപുകള്‍ കാറ്റില്‍ പറത്താന്‍ വൈദഗ്ധ്യമുള്ള കോയിറ്റ്സി മുന്‍ നിരയിലേക്ക് അപ്രതീക്ഷിതമായി ഉയര്‍ന്ന താരമാണ്. ടെസ്റ്റിലും കോയിറ്റ്സിയുടെ പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക വലിയ പ്രതീക്ഷയര്‍പ്പിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ്സ്മാന്‍മാര്‍ക്കാണ് കൂടുതല്‍ സമ്മര്‍ദ്ദമെന്ന് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിട്ടുണ്ട്.