മഴ കളിച്ചു, ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളി ഉപേക്ഷിച്ചു. മൂന്നാം ദിനം മഴ കളിച്ചപ്പോള്‍ മല്‍സരത്തില്‍ ഇന്ന്് ഒരു പന്തുപോലും എറിയാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 209 റണ്‍സിന് പുറത്താക്കി 77 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്ക, രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു. എട്ടു വിക്കറ്റുകള്‍ കയ്യിലിരിക്കെ അവര്‍ക്കിപ്പോള്‍ 142 റണ്‍സ് ലീഡുണ്ട്. ഹാഷിം അംല (4), കഗീസോ റബാഡ (2) എന്നിവരാണ് ക്രീസില്‍.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 209 റണ്‍സാണ് എടുത്തത്. 97ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 93 റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് മാന്യമായ സ്‌കോറില്‍ എത്തിച്ചത്. ഹാര്‍ദ്ദിക്കിനെ കൂടാതെ ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇരുവരും എട്ടാം വിക്കറ്റില്‍ 99 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച എയ്ഡന്‍ മര്‍ക്രം (34), ഡീന്‍ എല്‍ഗാര്‍ (25) എന്നിവരാണ് ശനിയാഴ്ച പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു രണ്ട് വിക്കറ്റും.