ഫൈനല്‍ പോരിന് ഇന്ത്യ ഇറങ്ങുന്നു; ഡബിള്‍ പുലികള്‍ പുറത്തേയ്ക്ക്, ട്രിപ്പിള്‍ സ്റ്റാര്‍ അകത്തേക്ക്

കിവീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ബുധനാഴ്ച രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനലിനു തുല്യമായ അവസാന പോരാട്ടം. പരമ്പരയില്‍ 1-1നു ഇരുവരും ഒപ്പമായതിനാല്‍ തീപാറും പോരാട്ടം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

പരമ്പരയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന ഇഷാന്‍ കിഷന്‍-ശുഭ്മാന്‍ ഗില്‍ ജോടി ഓപ്പണിംഗില്‍ ഇനിയും ക്ലിക്കായിട്ടില്ല. അതിനാല്‍ ഇതിലൊരാളെ മാറ്റി പകരം പൃഥ്വി ഷായെ ഇന്ത്യ ടീമിലെത്തിച്ചേക്കും. ഇഷാന്‍ വിക്കറ്റ് കീപ്പറായതിനാല്‍ ഗില്ലിനാവും പൃഥ്വി ഷായ്ക്കായി വഴിമാറേണ്ടിവരിക.

മൂന്നാം ടി20യിലും ചഹല്‍-കുല്‍ദീപ് യാദവ് ജോടി തുടര്‍ന്നേക്കും. അഹമ്മദാബാദിലെ പിച്ച് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. നേരത്തേ സ്പിന്നര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഗ്രൗണ്ടാണിത്. അതുകൊണ്ടു തന്നെ കുല്‍-ചാ സഖ്യം ഒരിക്കല്‍ക്കൂടി സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചേക്കും.

ബോളിംഗില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കാതെ പോയ ശിവം മാവിക്കു പകരം പുതുമുഖ പേസര്‍ മുകേഷ് കുമാറിനു ഇന്ത്യ അവസരം നല്‍കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.

ഇന്ത്യ സാദ്ധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍/പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍/ ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യയാദവ്, യുസ്വേന്ദ്ര ചഹല്‍/ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ്.