മോദി സര്‍ക്കാരിന് സൂപ്പര്‍ ബമ്പര്‍!; റിസര്‍വ് ബാങ്ക് 2.69 ലക്ഷം കോടിയുടെ റെക്കോഡ് ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറും; ചരിത്രം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാറിന് റിസര്‍വ് ബാങ്ക് 2.69 ലക്ഷം കോടി രൂപ കൈമാറും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണ് ഇത്.
2023-24ല്‍ കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. ഇതിനേക്കാള്‍ 27.37% അധിക തുകയാണ് ഇക്കുറി നല്‍കുന്നത്. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.

വിവിധ ഇനങ്ങളിലെ നിക്ഷേപം, ഡോളര്‍ ഉള്‍പ്പെടെ കരുതല്‍ ശേഖരത്തിലുള്ള വിദേശ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം, കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീസ് എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍.

ഈ വര്‍ഷം സര്‍ക്കാര്‍ കണക്കാക്കുന്ന 4.4 ശതമാനം ധനക്കമ്മി മറികടക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന വമ്പന്‍ തുക സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന (2,68,590.07 കോടി രൂപ) പ്രത്യേകതയുമുണ്ട്. ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് റിസര്‍വ് ബാങ്ക് പൂര്‍ണമായും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്.

നേരത്തേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപിയുടെ 0.1% വരെ മാത്രമാണ് സര്‍പ്ലസ് ഇനത്തില്‍ റിസര്‍വ് ബാങ്ക് കൈമാറിയിരുന്നത്. മോദി സര്‍ക്കാര്‍ വന്നശേഷം 0.5 മുതല്‍ 0.55% വരെയായി. ഇക്കുറി റിസര്‍വ് ബാങ്കിന് ഡോളര്‍ വിറ്റൊഴിയല്‍, വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എന്നിവവഴി കൂടുതല്‍ വരുമാനം നേടാനായിട്ടുണ്ട്.

കേന്ദ്രത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ ലാഭവിഹിതം
(കോടി രൂപയില്‍)

2015-16: 65,876
2016-17: 30,659
2017-18: 50,000
2018-19: 1,75,987
2019-20: 57,128
2020-21: 99,122
2021-22: 30,307
2022-23: 87,416
2023-24: 2,10,874
2024-25: 2,68,590