പരിക്കിന്റെ പിടിയിലായിട്ടും ഇന്ത്യന്‍ ടീം കാണിക്കുന്ന പോരാട്ടവീര്യം അത്ഭുതപ്പെടുത്തുന്നു: ആദം ഗില്‍ക്രിസ്റ്റ്

ഓസീസ് പര്യടനത്തില്‍ പരിക്കേറ്റ് തളരുകയാണ് ഇന്ത്യ. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍ എന്നിവരെയാണ് പര്യടനത്തില്‍ പരിക്ക് വേട്ടയാടിയത്. ഇത്രയും സൂപ്പര്‍ താരങ്ങള്‍ പുറത്തിരുന്നിട്ടും ഇന്ത്യന്‍ ടീം കാണിക്കുന്ന പോരാട്ടവീര്യം പ്രശംസനീയമാണെന്ന് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

“ഇത്രയുമേറെ താരങ്ങള്‍ക്കു പരിക്കേറ്റിട്ടും ഇന്ത്യന്‍ ടീം കാണിക്കുന്ന പോരാട്ടവീര്യം പ്രശംസനീയമാണ്. സ്ഥിരം താരങ്ങളില്‍ പലരും ഇല്ലാതിരുന്നിട്ടും പകരക്കാരെ വെച്ച് ഇന്ത്യന്‍ വീറോടെയാണ് പൊരുതിയത്. ഇന്ത്യന്‍ ടീമിന്റെ ചടുലതയെയും പോരാട്ടത്തില്‍ തുടരാനുള്ള സന്നദ്ധതയെയും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല.”

Adam Gilchrist

“നിരവധി മികച്ച ടീമുകള്‍ നേരത്തേ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയിട്ടുണ്ട്. അവര്‍ക്കൊന്നും ടെസ്റ്റ് പരമ്പരയില്‍ പിടിച്ചുനില്‍ക്കാനായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ അടങ്ങാത്ത പോരാട്ടവീര്യം എടുത്തുപറയേണ്ടത് തന്നെയാണ്. ഗാബ ടെസ്റ്റിലും ഇന്ത്യ നല്ല പ്രകടനമാണ് നടത്തുന്നത്. ഈ പരമ്പര അവര്‍ക്കു നേടാന്‍ കഴിയുമെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്” ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

Ravindra Jadeja Ruled Out of Remainder of India-Australia Test Series Following Thumb Injury During 3rd Test at SCG: Reports

അതേസമയം ഇത്രയേറെ താരങ്ങള്‍ക്ക് പരിക്കേറ്റ സാഹചര്യം ഇന്ത്യ പരിശോധിക്കണെമെന്നും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. “ഈ പര്യടനത്തില്‍ ഇന്ത്യ നേരിട്ട പ്രതികൂല സാഹചര്യങ്ങള്‍ അസാധാരണമാണ്. ചിലര്‍ക്കു പരിക്കേറ്റത് ഓസീസ് പേസ് ബൗളിംഗ് ആക്രമണത്തെ തുടര്‍ന്നായിരുന്നു. പക്ഷെ മറ്റു ചിലരുടേത് അങ്ങനെയുള്ളതല്ല. എന്തുകൊണ്ടാണ് അവ സംഭവിച്ചതെന്നു പരിശോധിക്കണം” ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.