ഇന്ത്യ പെട്ടു, റണ്‍ചേസ് അത്ര എളുപ്പമായിരിക്കില്ല; മുന്നറിയിപ്പു നല്‍കി അനില്‍ കുംബ്ലെ

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് റണ്‍ ചേസ് എളുപ്പമായിരിക്കില്ലെന്ന് മുന്‍ താരം അനില്‍ കുംബ്ല. മൂന്നാംദിനത്തിലെ കളിക്കു ശേഷം ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനു റണ്‍ ചേസിനെക്കുറിച്ച് കുംബ്ലെ മുന്നറിയിപ്പ് നല്‍കിയത്.

ഓലി പോപ്പ് അത്യുജ്വലമായാണ് കളിച്ചത്. നാളെ ശക്തമായി തിരിച്ചുവന്ന് ഇംഗ്ലണ്ടിന്റെ ലീഡ് 150 റണ്‍സിലും താഴെ ഒതുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരിക്കും ഇന്ത്യന്‍ ടീം. വളരെ ദുഷ്‌കരമായ റണ്‍ ചേസ് തന്നെയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ബോളിംഗ് ലൈനപ്പ് എങ്ങനെയാണെന്നതോ, അതിന്റെ മികവോയൊന്നും ഇവിടെ പ്രസക്തമല്ല. കാരണം ഒരു ടെസ്റ്റ് മല്‍സരത്തിന്റെ നാലാം ഇന്നിംഗ്‌സാണ് ഇന്ത്യ കളിക്കുന്നത്. ബോള്‍ തീര്‍ച്ചയായും വളരെ താഴ്ന്നായിരിക്കും രണ്ടാമിന്നിംഗ്സില്‍ പോവുക. പിച്ച് ഈ തരത്തില്‍ സ്ലോയായി മാറുമെന്നതിനാല്‍ തന്നെ പ്രധാനപ്പെട്ട ചില ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്താവാനിടയുണ്ട്. നിങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഒരിക്കലും ആഗ്രഹിക്കില്ല.

ഇന്ത്യന്‍ ബോളര്‍മാരെ നിലയുറപ്പിക്കാതിരിക്കാനാണ് ഓലി പോപ്പ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ പക്കല്‍ വ്യക്തമായ പ്ലാനുണ്ടായിരുന്നു, അതു അദ്ദേഹത്തിനു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു- കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

190 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനു ഇറങ്ങിയ ഇംഗ്ലണ്ടിന് ഓലി പോപ്പിന്റെ സെഞ്ച്വറിയാണ് മല്‍സരത്തില്‍ മുന്നിലെത്താന്‍  സഹായിച്ചത്.