സൂര്യകുമാറിനു പകരം വെയ്ക്കാന്‍ പറ്റുന്ന ഒരേയൊരു താരം; മലയാളികളുടെ മനം നിറച്ച് കാര്‍ത്തിക്

സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യയ്ക്കു കളിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണെന്ന് സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനു പകരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന് പറഞ്ഞാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

നിലവില്‍ സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യയ്ക്കു കളിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണ്. സൂര്യയ്ക്ക് വിശ്രമം നല്‍കി അദ്ദേഹത്തെ ഏകദിനത്തില്‍ തിരികെ കൊണ്ടുവരണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ അത് എല്ലാവരോടുമുള്ള അനീതിയാകും.

ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ചയാള്‍ സഞ്ജുവാണ്. കാരണം ഫാസ്റ്റ് ബോളുകള്‍ നേരിടാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്, ഷോട്ട് പിച്ച് ബോളിംഗിലും അദ്ദേഹം നന്നായി കളിക്കും. സൂര്യകുമാര്‍ യാദവിനു പകരം സഞ്ജുവിനെ കാണാന്‍ ആഗ്രഹിക്കുന്നു- കാര്‍ത്തിക് പറഞ്ഞു.

എന്നാല്‍ മൂന്നാം ടി20യിലും ഇന്ത്യ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. മോശം ഫോം തുടരുന്ന റിഷഭ് പന്തിനെ നിലനിര്‍ത്തി ഇന്ത്യ സഞ്ജുവിനെ തഴഞ്ഞു.