ഇന്ത്യ-അഫ്ഗാന്‍ ടി20: സൂപ്പര്‍ താരം പിന്മാറി, സ്ഥിരീകരിച്ച് ദ്രാവിഡ്

ജനുവരി 11 ന് മൊഹാലിയില്‍ ആരംഭിക്കുന്ന ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലൂടെ 14 മാസത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ടി20 യിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ്. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍നിന്ന് കോഹ്‌ലി പിന്മാറി.

ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇക്കാര്യം സ്ഥിരീകരിച്ചു. കൂടാതെ, യശസ്വി ജയ്സ്വാളും രോഹിത് ശര്‍മ്മയും ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയായി ചുമതലയേല്‍ക്കുമെന്നും ദ്രാവിഡ് സൂചിപ്പിച്ചു. 2022 നവംബറില്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി തോല്‍വിയിലാണ് കോഹ്‌ലി അവസാനമായി ടി20 ഐ മത്സരം കളിച്ചത്.

അഫ്ഗാനിസ്ഥാനെതിരായ പരമ്പര ഇന്ത്യന്‍ ടീമിനും താരങ്ങള്‍ക്കും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം ഇത് ജൂണില്‍ ഷെഡ്യൂള്‍ ചെയ്യപ്പെടുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ്. അമേരിക്കയിലെ അഭിമാനകരമായ ഐസിസി ഇവന്റിന് മുമ്പുള്ള ഇന്ത്യയുടെ നിലയെക്കുറിച്ച് ഈ പരമ്പര വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി തുടര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നു. കാരണം ഇന്ത്യയുടെ സാധ്യതയുള്ള ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ ആശങ്കകളാല്‍ ബുദ്ധിമുട്ടുകയാണ്.