IND vs SA: ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച നടപടി, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗവാസ്കര്‍, ഗാംഗുലിലെ കണ്ടു പഠിക്കണമെന്ന് ഉപദേശം

ഞായറാഴ്ച്ച കിംഗ്‌സ്മീഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും  തമ്മിലുള്ള ആദ്യ ടി20 മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതിലെ അതൃപ്തി പരസ്യമാക്കി  ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഗ്രൗണ്ട് ശരിയായി മറയ്ക്കാത്തതിന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഗവാസ്‌കര്‍ വിമര്‍ശിച്ചു.

ലോകത്തെ എല്ലാ ക്രിക്കറ്റ് വേദികളും മുഴുവന്‍ കവര്‍ ചെയ്യണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഹോം ബോര്‍ഡ് പിച്ചും ഫീല്‍ഡിന് അടുത്തുള്ള സ്ഥലങ്ങളും മാത്രമേ മിക്ക സ്‌റ്റേഡിങ്ങളിലും സാധാരണയായി മൂടാറുള്ളു. ബാക്കി ഭാഗങ്ങള്‍ അതേപടി അവശേഷിക്കുന്നു. മഴ മാറിയതിന് ശേഷം കൂടുതല്‍ കാലതാമസമുണ്ടാക്കുന്നതിനാല്‍ ഈ രീതിക്ക് താന്‍ അനുകൂലമല്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

നിങ്ങള്‍ ഗ്രൗണ്ട് പകുതി മൂടിയാല്‍, മഴ നിലച്ചാലും കളി ആരംഭിക്കാന്‍ കഴിയില്ല. വീണ്ടും മഴ പെയ്താല്‍ മത്സരം ഉപേക്ഷിക്കും. ഓരോ ക്രിക്കറ്റ് ബോര്‍ഡും ധാരാളം പണം സമ്പാദിക്കുന്നുണ്ടല്ലോ. അവര്‍ ഗ്രൗണ്ട് മുഴുവന്‍ കവര്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കണം. 2019 ലോകകപ്പിലെ നിരവധി മത്സരങ്ങള്‍ ഗ്രൗണ്ട് മൂടാത്തതിനാല്‍ ഉപേക്ഷിച്ചു. പല ടീമുകള്‍ക്കും പോയിന്റ് നഷ്ടമായി- ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

സൗരവ് ഗാംഗുലിയുടെ കീഴില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച നടപടികളില്‍നിന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ പഠിക്കണമെന്ന് ഈഡന്‍ ഗാര്‍ഡന്‍സിനെ ഉദാഹരണമാക്കി ഉയര്‍ത്തികാട്ടി ഗവാസ്‌കര്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ മഴ പെയ്താല്‍ ഈഡന്‍ ഗാര്‍ഡന്‍സ് മുഴുവന്‍ മൂടിയിരിക്കും. സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായിരിക്കെ സൗരവ് ഗാംഗുലിയാണ് ഇതിന് മുന്‍കൈ എടുത്തത്. മഴ കാരണം ഒരു ടെസ്റ്റ് മത്സരത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. അടുത്ത കളിയില്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഗാംഗുലി ഉറപ്പുവരുത്തി- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ഇതേ തന്ത്രമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും പിന്തുടരുന്നത്. അതേസമയം, ഷെഡ്യൂള്‍ ചെയ്ത മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ മത്സരം ചൊവ്വാഴ്ച ഗ്‌കെബര്‍ഹയിലും മൂന്നാമത്തേത് ഡിസംബര്‍ 14-ന് ജോഹന്നാസ്ബര്‍ഗിലും അരങ്ങേറും.