IND vs NZ: "ഈ തീരുമാനത്തിൽ ഞാൻ ഒട്ടും തൃപ്തനല്ല"; ഇന്ത്യയുടെ നിർണായക നീക്കത്തിനെതിരെ പത്താൻ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ പ്രസീദ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗിനെ ഉൾപ്പെടുത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. പരമ്പര 1-1 എന്ന നിലയിലായ സാഹചര്യത്തിൽ, നിർണ്ണായക മത്സരത്തിൽ ഒരു മാറ്റം വരുത്താനാണ് ഹെഡ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തീരുമാനിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 36.33 ശരാശരിയിലും 6.05 ഇക്കോണമിയിലുമായി മൂന്ന് വിക്കറ്റുകളാണ് പ്രസീദ് കൃഷ്ണ നേടിയത്.

“എനിക്ക് ഈ തീരുമാനത്തിൽ ഒട്ടും തൃപ്തിയില്ല. ടീമിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നാൽ നിങ്ങൾക്ക് ബൗളർമാരെ വാർത്തെടുക്കാൻ സാധിക്കില്ല. എനിക്ക് അർഷ്ദീപ് സിംഗിനെ ഇഷ്ടമാണ്, അദ്ദേഹം മികച്ച ബൗളറുമാണ്. പക്ഷേ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിങ്ങൾ അദ്ദേഹത്തെ കളിപ്പിച്ചില്ല. ആദ്യ രണ്ട് കളികളിലും പ്രസീദിനെയാണ് കളിപ്പിച്ചത്, അതുകൊണ്ട് ഇന്നത്തെ മത്സരത്തിലും അദ്ദേഹം തന്നെ കളിക്കണമായിരുന്നു. അദ്ദേഹം വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള ബൗളറാണ്, കളിക്കാർക്ക് തുടർച്ചയായി അവസരങ്ങൾ നൽകുക എന്നത് പ്രധാനമാണ്,” ഇർഫാൻ പത്താൻ പറഞ്ഞു.

അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഗിൽ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചപ്പോൾ, രാജ്‌കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ 7 വിക്കറ്റിന്റെ ജയവുമായി ന്യൂസിലൻഡ് ഒപ്പമെത്തിയിരുന്നു.

പ്ലെയിം​ഗ് ഇലവൻ

ന്യൂസിലൻഡ്: 1. ഡെവോൺ കോൺവേ, 2. ഹെൻറി നിക്കോൾസ്, 3. വിൽ യംഗ്, 4. ഡാരിൽ മിച്ചൽ, 5. മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), 6. ഗ്ലെൻ ഫിലിപ്സ്, 7. മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), 8. ക്രിസ്റ്റ്യൻ ക്ലാർക്ക്, 9. കൈൽ ജാമിസൺ, 10. സാക് ഫോക്സ്, 11. ജെയ്‌ഡൻ ലെനോക്സ്.

Read more

ഇന്ത്യ: 1. ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), 2. രോഹിത് ശർമ്മ, 3. വിരാട് കോഹ്‌ലി, 4. ശ്രേയസ് അയ്യർ, 5. കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), 6. നിതീഷ് കുമാർ റെഡ്ഡി, 7. രവീന്ദ്ര ജഡേജ, 8. ഹർഷിത് റാണ, 9. കുൽദീപ് യാദവ്, 10. അർഷ്ദീപ് സിംഗ്, 11. മുഹമ്മദ് സിറാജ്.