നീലക്കുറിഞ്ഞി പൂക്കും പോലെ വല്ലപ്പോഴും നടക്കുന്ന ആ പ്രതിഭാസത്തിന് ഇന്ന് എഡ്ജ്ബാസ്റ്റണ്‍ സാക്ഷിയാകുന്നു

ഫൈന്‍ ലെഗ്ഗിലേക്കോ, തേര്‍ഡ് മാനിലേക്കോ ബൗണ്ടറി ലക്ഷ്യമാക്കി വരുന്ന പന്തുക്കളെ, ബൗണ്ടറി ലൈന് ഇഞ്ചുകള്‍ക്ക് മുന്‍പ് കൈപിടിയിലൊതുക്കി, തങ്ങളുടെ നീളമുള്ള കരങ്ങളുടെ ശക്തിയാല്‍ ക്രീസിനെ ലക്ഷ്യമാക്കി നേടു നീളന്‍ ത്രോകള്‍ എറിയുക.

പൂര്‍ത്തീകരിച്ചു മടങ്ങുന്ന ഓവറുകള്‍ക്കിടയിലുള്ള ഇടവേളകകളില്‍, ഡീപ്പിലെ ഫീല്‍ഡില്‍ സ്വസ്ഥമായി ശാസോശ്വാസം ചെയ്ത് അടുത്ത ഓവര്‍ എറിയാനായി സ്വയം റിഫ്രഷ് ആകുക. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ക്യാപ്റ്റനൊപ്പം ടീമിന്റെ തിങ്ക് ടാങ്കുകള്‍ നടത്തുന്ന ടാക്ടിക്കല്‍ ബ്രയിന്‍ സ്റ്റോര്‍മിങ് സെഷനുകളിലൊന്നും പങ്കാളിയാകാതെ ഒരു അവധൂതനെപ്പോലെ മാറി നില്‍ക്കുക..

ചുവന്ന പന്ത് കഥ പറയുന്ന ടെസ്റ്റ് എന്ന അഞ്ചുദിന ഉത്സവം നടക്കുന്ന ഫീല്‍ഡില്‍, ടീമിലെ പേസ് ബൗളേഴ്സ് ഫീല്‍ഡില്‍ കാലങ്ങളായി ഇങ്ങനെയൊക്കെയാണ്.. അതുകൊണ്ട് തന്നെ ടെസ്റ്റ് ക്യാപ്റ്റന്‍മാരായ ഫാസ്റ്റ് ബൗളര്‍ മാരുടെ കണക്കെടുപ്പ് നടത്തിയാല്‍ ഒരു ബോബ് വില്ലിസിനെയോ , കോല്‍ഡ്‌നി വാഷിനെയോ , വാസീം അക്രത്തെയോ, വഖാര്‍ യൂനീസിനെയോ മാത്രമേ നമ്മുക്ക് കണ്ടെത്താന്‍ സാധിക്കൂ. ഇപ്പോള്‍ ഒരു പാറ്റ് കമ്മിന്‍സും.

ഇയാന്‍ ബോത്തം, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, ഷോണ്‍ പൊള്ളൊക്കൊക്കെ ജനുവിന്‍ ഓള്‍റൗണ്ടര്‍മാരായിരുന്നത് കൊണ്ട്, അവരുടെ പെഡിഗ്രി തന്നെ വ്യത്യാസമായത് കൊണ്ടും മുകളില്‍ പറഞ്ഞ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതാണ്. ഫാസ്റ്റ് ബൗളര്‍ ടെസ്റ്റ് ക്യാപ്റ്റനാകുക എന്ന നീലകുറിഞ്ഞിപൂക്കും പോലെ വല്ലപ്പോഴും നടക്കുന്ന ആ പ്രതിഭാസത്തിന് ഇന്ന് എഡ്ജ്ബാസ്റ്റണ്‍ സാക്ഷിയാകുകയാണ്..

ഇന്ത്യയുടെ മുപ്പത്തിയാറാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി ഇന്ന് ജസ്പ്രീത് ബുംറ എന്ന ഫാസ്റ്റ് ബൗളര്‍ അവരോധിക്കപ്പെടുകയാണ്. ഫീല്‍ഡില്‍ ബുമ്ര ഒരിക്കലും ഒരു അവധൂതനായിരുന്നില്ല.. ടീമിന്റെ തിങ്ക് ടാങ്കില്‍ ഒരാളായി അയാള്‍ എന്നും കോഹ്ലി എന്ന ക്യാപ്റ്റനൊപ്പം ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ബുമ്ര എന്ന ക്യാപ്റ്റനില്‍ പ്രതീക്ഷകളും ഏറെയാണ്.. ആശംസകള്‍ ജസ്പ്രീത് ബുമ്ര.. ദി ക്യാപ്റ്റന്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍