IND vs ENG: "എന്റെ സഹോദരിക്ക് കാൻസറാണ്, പന്ത് കൈയിൽ പിടിക്കുമ്പോഴെല്ലാം അവളുടെ മുഖമായിരുന്നു മനസ്സിൽ, ഇത് അവൾക്ക് വേണ്ടി"; വികാരഭരിതനായി ആകാശ് ദീപ്

ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെതിരായ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിലെ തന്റെ മാച്ച് വിന്നിംഗ് പ്രകടനം ഫാസ്റ്റ് ബൗളർ ആകാശ് ദീപ് തന്റെ മൂത്ത സഹോദരിക്ക് സമർപ്പിച്ചു. കഴിഞ്ഞ രണ്ട് മാസമായി തന്റെ സഹോദരി ക്യാൻസറുമായി പോരാടുകയാണെന്ന് താരം വെളിപ്പെടുത്തി. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും പന്ത് കൈയിലെടുക്കുമ്പോഴെല്ലാം അവളുടെ ബുദ്ധിമുട്ടുകളായിരുന്നു ഓർമ്മയിലെന്നും ആകാശ് പറഞ്ഞു.

“ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല. എന്റെ മൂത്ത സഹോദരി കഴിഞ്ഞ രണ്ട് മാസമായി കാൻസർ ബാധിതയാണ്. അവൾ ഇപ്പോൾ ഓക്കെയാണ്. അവൾ സുഖമായിരിക്കുന്നു. എന്റെ പ്രകടനം കാണുമ്പോൾ അവളായിരിക്കും ഏറ്റവും സന്തോഷിക്കുന്നതെന്ന് ഞാൻ കരുതുന്നു. ഈ മത്സരം അവൾക്കായി സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണാൻ ഞാൻ ആഗ്രഹിച്ചു,” ആകാശ് ദീപ് പറഞ്ഞു.

“ഇത് നിനക്കുള്ളതാണ്. ഞാൻ പന്ത് കൈയിൽ പിടിക്കുമ്പോഴെല്ലാം നിന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ. നിന്റെ മുഖത്ത് സന്തോഷം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ട്,” തന്റെ പ്രകടനം സഹോദരിക്ക് സമർച്ച് കൊണ്ട് ആകാശ് പറഞ്ഞു.

Read more

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 336 റൺസിന്റെ വിജയത്തിൽ ആകാശ് ദീപ് നിർണായക പങ്ക് വഹിച്ചു. ബാസ്ബോൾ യുഗത്തിലെ ഏറ്റവും വലിയ തോൽവി ഇം​ഗ്ലണ്ട് സ്വന്തം മൈതാനത്ത് സമ്മാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേട്ടം ഉൾപ്പെടെ 10 വിക്കറ്റുകൾ വീഴ്ത്തിയ ആകാശ്, ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ചേതൻ ശർമ്മയ്ക്ക് ശേഷം 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബോളറായി.