IND vs ENG: 'അവനാണ് നായകനെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു'; തുറന്നടിച്ച് മൈക്കല്‍ വോണ്‍

വിരാട് കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കില്‍ ഇന്ത്യ ഹൈദരാബാദ് ടെസ്റ്റില്‍ തോല്‍ക്കില്ലായിരുന്നുവെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ആദ്യ ഇന്നിംഗ്സിന് ശേഷം 190 റണ്‍സിന്റെ ലീഡുമായി ഇന്ത്യ ഡ്രൈവര്‍ സീറ്റിലായിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് മധ്യനിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ അതേ തീവ്രതയോടെ അവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞില്ല.

ഒല്ലി പോപ്പ് 196 റണ്‍സ് നേടിയപ്പോള്‍, ബെന്‍ ഫോക്സും ടോം ഹാര്‍ട്ട്ലിയും മികച്ച സംഭാവന നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് നേടിയത്. ഇതിനുശേഷം, അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്ട്‌ലി ബോളിംഗിലും തിളങ്ങിയപ്പോള്‍ സന്ദര്‍ശകര്‍ മത്സരം 28 റണ്‍സിന് വിജയിച്ചു. അതേക്കുറിച്ച് പ്രതിപാദിച്ച വോണ്‍, റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സി ഇന്ത്യ മിസ് ചെയ്യുന്നുണ്ടെന്നും രണ്ടാം ഇന്നിംഗ്സില്‍ അവര്‍ പൂര്‍ണ്ണമായും ഓഫായി പോയെന്നും കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി അവര്‍ വലിയ തോതില്‍ മിസ് ചെയ്യുന്നു. വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളി തോല്‍ക്കില്ലായിരുന്നു. രോഹിത് ഒരു ഇതിഹാസവും മികച്ച കളിക്കാരനുമാണ്. പക്ഷേ അവന്‍ പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ചെയ്തതായി എനിക്ക് തോന്നി- വോണ്‍ പറഞ്ഞു.

ആദ്യ ഇന്നിംഗ്സില്‍ 100-ലധികം റണ്‍സ് ലീഡ് നേടിയ ശേഷം ഇന്ത്യ സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റ് തോല്‍ക്കുന്നത് ഇതാദ്യമാണ്. വോണും അനില്‍ കുംബ്ലെയും ഉള്‍പ്പെടെയുള്ള മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ചൂണ്ടിക്കാണിച്ചതുപോലെ ബോളര്‍മാര്‍ക്ക് തീവ്രതയില്ലായിരുന്നു. ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി കെഎല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.