IND vs ENG: അവന് ന്യായീകരിക്കാനുള്ള അവകാശമില്ല, കളി വളരെ മോശം; വിമര്‍ശിച്ച് ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന താരത്തിന് ആ റോളില്‍ ഇതുവരെ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. മോശം പ്രകടനം തുടരുന്ന താരത്തിന് ന്യായീകരിക്കാനുള്ള അവകാശമില്ലെന്ന് ഗവാസ്‌കര്‍ വിമര്‍ശിച്ചു.

എന്ത് തരം ഷോട്ടാണ് അവന്‍ കളിക്കാന്‍ ശ്രമിച്ചത്. അവന്‍ ഉയര്‍ത്തി അടിച്ചാണ് പുറത്തായതെങ്കില്‍ അത് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മോശമായി കളിച്ച ഓണ്‍ഡ്രൈവാണത്. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് നിലയുറപ്പിച്ച ശേഷമാണ് ഇത്തരമൊരു മോശം ഷോട്ട് കളിച്ചത്’- ഗവാസ്‌കര്‍ പറഞ്ഞു.

ഈ കളികൊണ്ട് ഗില്ലിന് ടെസ്റ്റില്‍ മുന്നോട്ട് പോകാനാവില്ലെന്ന് ദിനേഷ് കാര്‍ത്തികും മുന്നറിയിപ്പ് നല്‍കി. ‘ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗില്‍ സമ്മര്‍ദ്ദം കാണാന്‍ നിങ്ങള്‍ക്കാവും. ഇനിയും മോശം പ്രകടനങ്ങളുണ്ടായാല്‍ തന്റെ കരിയറിനെയത് പ്രതികൂലമായി ബാധിക്കുമെന്ന് അവനറിയാം. ഇത് അവന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്- കാര്‍ത്തിക് പറഞ്ഞു.

ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷം മികച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 66 പന്ത് നേരിട്ടെങ്കിലും 23 റണ്‍സാണ് താരത്തിന് നേടാനായത്. ടോം ഹാര്‍ട്ട്ലിയെ ബൗണ്ടറി കടത്താനുള്ള ഗില്ലിന്റെ ശ്രമം ഡക്കറ്റിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.