രോഹിത് ശർമ്മയെക്കുറിച്ച് എപ്പോഴൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിരോധികൾ പോലും സമ്മതിച്ച് തരുന്ന ഒരു കാര്യമുണ്ട്, ഫോമിൽ ബാറ്റ് ചെയ്യുന്ന അയാളെ തടയാൻ അല്ലെങ്കിൽ ജയിക്കാൻ ആർക്കും പറ്റില്ല എന്നുള്ളത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരം ക്രീസിൽ ഉറച്ചാൽ ഒരു ശക്തിക്കും ജയിക്കാൻ സാധികാത്ത ഒരു വന്മരമായി അയാൾ മാറും. ആ ബാറ്റിൽ നിന്ന് പിറക്കുന്ന സിക്സിനൊക്കെ മറ്റെന്തിനേക്കാളും ചന്തം ഉണ്ടാകും. എതിരാളികൾ വരെ ആ ചന്തം ആസ്വദിക്കും. രോഹിത് ശർമ്മയെ പോലെ ഇത്ര എളുപ്പത്തിൽ സിക്സ് അടിക്കുന്ന താരത്തെ ഈ കലയിലെ ഒരു പിക്കാസോ ആയി പറയാം.
എന്നാൽ ഏറെ നാളുകളായി ആ ബാറ്റ് നിശബ്‌ദമായിരുന്നു. താൻ ഏറ്റവും ആസ്വദിച്ചു ചെയ്തിരുന്ന ജോലി അയാൾ മറന്ന് പോയത് പോലെ ആയിരുന്നു കാര്യങ്ങൾ. അവസാനം കളിച്ച 15 മത്സരങ്ങളിൽ നിന്ന് 161 റൺസ് മാത്രം നേടിയ രോഹിത്തിന്റെ കാലം കഴിഞ്ഞു എന്നും ഇനി എങ്കിലും പണി നിർത്താനുമൊക്കെ ആയിരുന്നു ആരാധകർ പറയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി. കടുത്ത ആരാധകർക്ക് മാത്രമല്ല രോഹിത്തിന് തന്നെ സ്വന്തം ഫോമിൽ ബുദ്ധിമുട്ട് തോന്നിയത് കൊണ്ടാണ് അദ്ദേഹം ബോർഡർ ഗാവസ്‌കർ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയിൽ കാര്യങ്ങൾ എത്തിയത്.
എന്തായാലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ രോഹിത് ടീമിന്റെ ഭാഗമായി നിൽക്കുമ്പോൾ ഇങ്ങനെ എത്ര നാൾ നാണംകെട്ട് നിൽക്കും? എന്ന ചോദ്യം നിൽക്കുന്ന സമയത്ത് ഇംഗ്ലണ്ട് പരമ്പര വരുന്നു. ആദ്യ മത്സരത്തിൽ 2 റൺ മാത്രമെടുത്ത് മടങ്ങിയ താരം രണ്ടാം മത്സരത്തിൽ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി തിരിച്ചുവന്നിരിക്കുകയാണ്. ആദ്യ ഓവറുകൾ മുതൽ ആക്രമിച്ചു കളിച്ച രോഹിത് താൻ എന്താണെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തു. തന്റെ ഫോം പോയപ്പോൾ കളിയാക്കിയ ആരാധകർക്ക് മുന്നിൽ മികച്ച ഒരു അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ ഇന്നിംഗ്സ് കളിച്ച രോഹിത് എന്തായാലും ഫോമിന്റെ സൂചന കാണിച്ചിരിക്കുന്നു.
Read more
എന്തായാലും ഹിറ്റ്മാൻ ഫോമിൽ എത്തിയാൽ അവിടെ തന്നെ പകുതി തലവേദന തീർന്നു എന്ന് ആരാധകർക്ക് നന്നായി അറിയാം.