IND vs ENG: ഒരു കാലത്തും തന്റെ പ്രകടനത്തിനുള്ള അംഗീകാരമോ കയ്യടിയോ വേണ്ടത്ര തേടിയെത്തിയിട്ടല്ലാത്തയാൾ, ഈ പോരാട്ടത്തിനെങ്കിലും അയാൾക്ക് അർഹിച്ച കയ്യടി നൽകിയെ പറ്റൂ

വിരാട് കോഹ്ലിയും രോഹിതും അശ്വിനുമൊക്കെ വിരമിച്ചപ്പോൾ തുടങ്ങിയ മുറുമുറുപ്പാണ്. ആ 36 കാരനെ കൂടി പുറത്തിടൂ…യുവ താരങ്ങൾക്ക് അവസരം കൊടുക്കൂ, എന്ത് കണ്ടിട്ടാണ് ജഡേജയെ ഇങ്ങനെ ടീമിൽ താങ്ങുന്നത്? ടെസ്റ്റിൽ ഐസിസിയുടെ ഒന്നാം നമ്പർ ഓൾ റൗണ്ടർ ആണെന്നുള്ള പരിഗണന പോലും പലപ്പോഴും ആ മനുഷ്യന് കിട്ടിയിട്ടില്ല. ഒടുവിൽ ഇപ്പോൾ നടക്കുന്ന സച്ചിൻ-ആൻഡേഴ്സൺ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ അയാളുടെ പേര് ഉൾപ്പെട്ടപ്പോയും അന്തരീക്ഷത്തിലുണ്ടായിരുന്നത് അതൃപ്തി മാത്രമായിരുന്നു. പല മുൻതാരങ്ങളും പരസ്യമായി വിമർശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

ആദ്യ ടെസ്റ്റിന് ശേഷവും ജഡേജയെ മാറ്റി കുൽദീപ് യാദവിനെ കൊണ്ടുവരണമെന്ന് പറഞ്ഞവരും ഏറെ.. ഈ വിമർശനങ്ങളെയെല്ലാം തന്റെ സ്വത്വ സിദ്ധ ശൈലിയിൽ ബാറ്റ് ചുഴറ്റിയും പന്ത് കറക്കിയെടുത്തും മറുപടി പറയുകയായിരുന്നു ജഡ്ഡു. ഈ പരമ്പരയിലെ കഴിഞ്ഞ നാല് ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി. ഒടുവിൽ മുൻ നിര അമ്പേ പരാജയപ്പെട്ട ലോർഡ്സിലെ രണ്ടാം ഇന്നിങ്സിൽ അയാൾ ഒരു ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം കൊടുത്തു.

രണ്ടാം ഇന്നിങ്സിൽ 192 എന്ന താരതമ്യേനെ ഭേദിക്കാവുന്ന സ്കോറിലേക്ക് ബാറ്റേന്തിയ മുൻ നിരയും മധ്യനിരയും വാലറ്റം പോലെ ചുരുണ്ടത് നമ്മൾ കണ്ടതാണ്. ആദ്യം ബുംമ്രയ്ക്കൊപ്പവും പിന്നീട് സിറാജിനൊപ്പവും ഭൂരിഭാഗം പന്തുകളും നേരിട്ട് അയാൾ ആ ദൈത്യം ഏറ്റെടുത്തു. ഇന്ത്യ നേരിട്ട അവസാനത്തെ 30 ഓവറുകളിൽ 150 ന് മേലെ പന്തുകളും നേരിട്ടത് താരമായിരുന്നു.

ഇടയ്‌ക്കെപ്പഴോ വ്യക്തിഗത സ്കോർ അർധ സെഞ്ച്വറി തൊട്ടപ്പോൾ അയാളിൽ നിന്നും പതിവുപോലെയുള്ള ആഘോഷമുണ്ടായിരുന്നില്ല. കണ്ണും കണക്കും കൂട്ടി അയാൾ ലോർഡ്സിലെ ജയം കിനാവ് കാണുകയായിരുന്നു. ഒരുപാട് അകലത്തിലല്ലാതെ വീണുപോയെങ്കിലും പോരാളിയുടെ പോരാട്ടം വെറുതെയാകുന്നില്ല.

ഒരു കാലത്തും തന്റെ പ്രകടനത്തിനുള്ള അംഗീകാരമോ കയ്യടിയോ വേണ്ടത്ര തേടിയെത്തിയിട്ടല്ലാത്തയാളാണ് ജഡ്ഡു. ഈ പോരാട്ടത്തിനെങ്കിലും അയാൾക്ക് അർഹിച്ച കയ്യടി നൽകിയെ പറ്റൂ. ബുമ്ര, സിറാജ് …നിങ്ങളുടെ പകുതിയെങ്കിലും കോമൺസെൻസിൽ മുൻ നിര ബാറ്റ് ചെയ്തിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു. നന്ദി സാധ്യമായതിന്റെ പരമാവധി ശ്രമിച്ചതിന്, ലോർഡ്സിൽ തോൽവിയിലും തലയുയർത്തി നടക്കാൻ കാരണമായതിന്…

Read more

എഴുത്ത്: സമീർ പിലാക്കൽ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ