അവനെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു: സഹതാരത്തെ കുറിച്ച് സൂര്യകുമാര്‍

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 20 റണ്‍സിന് വിജയിച്ചപ്പോള്‍ അക്സര്‍ പട്ടേലിന്റെ ബോളിംഗ് ശ്രദ്ധേയമായി. 175 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന് ട്രാവിസ് ഹെഡ് ടീമിന് മികച്ച തുടക്കം നല്‍കിയെങ്കിലും പവര്‍പ്ലേയില്‍ അക്സര്‍ താരത്തെ പുറത്താക്കി ഓസ്ട്രേലിയക്ക് വന്‍ തിരിച്ചടി നല്‍കി. നല്ല ടച്ചിലായിരുന്ന താരത്തിന് ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ഫലം മറ്റൊന്നാകുമായിരുന്നു.

ഹെഡിന് പുറമേ ആരോണ്‍ ഹാര്‍ഡി, ബെന്‍ മക്ഡെര്‍മോട്ട് എന്നിവരുടെ വിക്കറ്റുകളും മത്സരത്തില്‍ ഓള്‍റൗണ്ടര്‍ വീഴ്ത്തി. നാല് ഓവറില്‍ 16/3 എന്ന നിലയില്‍ ഫിനിഷ് ചെയ്ത അക്‌സര്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും സ്വന്തമാക്കി. മത്സരത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, അക്‌സറിനെ അഭിനന്ദിക്കുകയും 29-കാരനെ സമ്മര്‍ദ്ദത്തിലാക്കാന്‍ താന്‍ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് പറയുകയും ചെയ്തു.

‘ടോസ് ഒഴികെ, എല്ലാം നന്നായി പോയി. ആണ്‍കുട്ടികള്‍ മികച്ച പ്രകടനം പുറത്തെടുത്തു. അത് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ഗെയിമിന് മുമ്പായുള്ള മീറ്റിംഗില്‍ സ്വയം പ്രകടിപ്പിക്കാനും നിര്‍ഭയരായിരിക്കാനും നിര്‍ദ്ദേശിച്ചു. അക്‌സറിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. അവന്‍ ബൗള്‍ ചെയ്ത രീതി അവിശ്വസനീയമായിരുന്നു. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളിലേക്ക് പോയി എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനായിരുന്നു പദ്ധതി- യാദവ് മത്സരശേഷം പറഞ്ഞു.

പരമ്പരയിലെ നാലാം മത്സരത്തില്‍ 20 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര സ്വന്തമാക്കി(3-1). ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 23 പന്തില്‍ നിന്ന് 36 റണ്‍സുമായി ക്യാപ്റ്റന്‍ മാത്യു വെയ്ഡ് പൊരുതി നോക്കിയെങ്കിലും അത് ടീമിനെ വിജയത്തിലെത്തിക്കാന്‍ പോന്നതായില്ല.

Read more

നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലും 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയുമാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.