IND vs AFG T20: ആ രണ്ട് താരങ്ങളെ ഇന്ത്യ മാറ്റി പരീക്ഷിക്കണം; മാറ്റം നിര്‍ദ്ദേശിച്ച് സുരേഷ് റെയ്ന

ജനുവരി 14 ഞായറാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് മുന്‍ താരം സുരേഷ് റെയ്ന. ഇന്ത്യ ടീമില്‍ ഒരു ഫാസ്റ്റ് ബൗളറെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്‍ഡോറിലെ ചെറിയ ഗ്രൗണ്ടില്‍ മൂന്നാം സീമറായി ശിവം ദുബെ ഇറങ്ങും.

രണ്ടാം മത്സരത്തില്‍ വിരാട് കോഹ്‌ലി കളിക്കും. ചെറിയ ഗ്രൗണ്ട് ആയതിനാല്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം അവേഷ് ഖാന്‍ വേണം. ഒരു അധിക പേസറെ കളിക്കേണ്ടത് പ്രധാനമാണ്. കാരണം ദുബെക്ക് 4 ഓവര്‍ ക്വോട്ട ബൗള്‍ ചെയ്യുന്നത് വെല്ലുവിളിയാണ്- റെയ്‌ന കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനെതിരായ ഉദ്ഘാടന മത്സരത്തില്‍ ദുബെ രണ്ട് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീവ്ത്തിയിരുന്നു. എന്നിരുന്നാലും, എതിരാളികള്‍ സമ്മര്‍ദ്ദത്തിലായപ്പോഴാണ് അദ്ദേഹത്തെ ഉപയോഗിച്ചത്. സാഹചര്യങ്ങള്‍ ബാറ്റിംഗ് സൗഹൃദമാണെങ്കില്‍ അദ്ദേഹം ബുദ്ധിമുട്ടിയേക്കാം.

മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ 6 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. വിരാട് കോഹ്‌ലിയും യശസ്വി ജയ്സ്വാളും ഇല്ലാതെയാണ് ആതിഥേയ ടീം ഇറങ്ങിയത്. മകളുടെ പിറന്നാള്‍ ആഘോഷിച്ചത്തില്‍ പങ്കെടുക്കാന്‍ വിട്ടുനിന്ന കോഹ്‌ലി തിരിച്ചെത്തി. അതേസമയം ജയ്സ്വാളിന്റെ പരിക്കിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.