'ഈ പാറ്റേണ്‍ ആവര്‍ത്തിച്ചാല്‍ ഇനി ടീമില്‍ ഇടം കാണില്ല'; ബാബറിന് അവസാന മുന്നറിയിപ്പ് നല്‍കി റമീസ് രാജ

അര്‍ദ്ധ സെഞ്ച്വറി പ്രകടനം വലിയ സ്‌കോറുകളാക്കുന്നതില്‍ പരാജയപ്പെടുന്നത് തുടരുകയാണെങ്കില്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന് ടീമില്‍ അധികകാലം തുടരാനാവില്ലെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. 2023 ലോകകപ്പിലെ ബാബര്‍ അസമിന്റെ പ്രകടനത്തെ തുടര്‍ന്നാണ് രാജയുടെ വിലയിരുത്തല്‍. അവിടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് അര്‍ദ്ധസെഞ്ച്വറികളടക്കം 40 ശരാശരിയോടെ 320 റണ്‍സാണ് ബാബര്‍ നേടിയത്.

മികച്ച തുടക്കങ്ങളെ വലിയ സ്‌കോറുകളാക്കി മാറ്റാതിരിക്കാനുള്ള പ്രവണതയെക്കുറിച്ച് 29-കാരനായ ബാബറിന് ഒരു ”അവസാന മുന്നറിയിപ്പ്” നല്‍കേണ്ടതിന്റെ ആവശ്യകത രാജ ഊന്നിപ്പറഞ്ഞു. ഇതേ പാറ്റേണ്‍ ബാബര്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ടീമില്‍ ഇടംകാണില്ലെന്ന് രാജ മുന്നറിയിപ്പ് നല്‍കി.

‘അമ്പത് പൂര്‍ത്തിയാക്കിയ ശേഷം പുറത്താകുന്നയാള്‍, അടുത്ത മത്സരത്തിന് മുമ്പ് അവസാന മുന്നറിയിപ്പ് നല്‍കുക. നിങ്ങള്‍ അതേ പാറ്റേണ്‍ ആവര്‍ത്തിച്ചാല്‍, ടീമില്‍ നിങ്ങള്‍ക്ക് ഇടമില്ല. കാരണം, അവന്‍ ഓവറുകള്‍ ഉപയോഗിക്കുന്നു, വിക്കറ്റില്‍ സമയം ചെലവഴിക്കുന്നു, ഇന്നിംഗ്സ് ബാലന്‍സ് ചെയ്യുന്നു. പക്ഷേ അത് പൂര്‍ണ്ണമായും നശിപ്പിക്കുന്നു- റമിസ് രാജ പറഞ്ഞു.

നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്ക്കുമെതിരെ തുടര്‍ച്ചയായി ജയിച്ചാണ് പാകിസ്ഥാന്‍ ലോകകപ്പ് യാത്ര തുടങ്ങിയത്. എന്നിരുന്നാലും, ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരോട് തോറ്റതോടെ അവരുടെ പ്രകടനം ഇടിഞ്ഞു. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരെ വിജയിച്ച് തിരിച്ചുവരവ് നടത്തിയെങ്കിലും സെമിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. ഇംഗ്ലണ്ടിനോട് 93 റണ്‍സിന്റെ തോല്‍വിയോടെ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു.