അദ്ദേഹം വിചാരിച്ചാൽ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കും, അവനാണ് ഇന്ത്യയിലെ മികച്ച താരം; അപ്രതീക്ഷിത പേര് പറഞ്ഞ് ഹർഭജൻ സിംഗ്

വൈറ്റ് ബോൾ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കിടയിലും ഇന്ത്യൻ സെലക്ടർമാർ യുസ്‌വേന്ദ്ര ചാഹലിന് വേണ്ട രീതിയിൽ ഉള്ള പ്രാധാന്യം ഈ കാലഘട്ടത്തിൽ നൽകിയിട്ടില്ല. എല്ലാ യുക്തിക്കും അതീതമായി കേന്ദ്ര കരാർ കളിക്കാരുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എന്തായാലും തളരാതെ, തോൽക്കാൻ തയാറാകാതെ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും മികച്ച പ്രകടനം തുടർന്ന് താരം ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഇപ്പോൾ. ഇന്നലെ മുംബൈക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ചാഹൽ മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു, ഫോമിൽ കളിച്ച ഹാർദിക്കിന്റെ വിക്കറ്റും ഇതിൽ ഉൾപ്പെടും.

മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പലപ്പോഴും ചാഹലിന് പിന്തുണയുമായി അണിനിരന്നിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ ഒരിക്കൽക്കൂടി പ്രതിനിധീകരിക്കുക എന്ന സ്വപ്നം സജീവമായി നിലനിർത്താൻ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ ചാഹലിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹർഭജൻ പറഞ്ഞത് ഇങ്ങനെ “അദ്ദേഹം ഒരു ചാമ്പ്യൻ ബൗളറും ഇന്ത്യയിലെ ഏറ്റവും മികച്ച താരവുമാണ് . ചാഹലിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഇന്ത്യക്ക് വേണ്ടി ടി20 ലോകകപ്പ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുപാട് ക്രിക്കറ്റ് അവനിൽ അവശേഷിക്കുന്നതിനാൽ മറ്റൊരു തിരിച്ചുവരവിൻ്റെ സ്വപ്നം സജീവമായി നിലനിർത്താൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യയ്‌ക്കായി അദ്ദേഹത്തിന് ഇനിയും മത്സരങ്ങൾ ജയിക്കാൻ കഴിയും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി ഞാൻ പ്രാർത്ഥിക്കുന്നു,” ഹർഭജൻ സിംഗ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

താൻ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ലെന്നും കളി ആസ്വദിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും ചാഹൽ പറഞ്ഞു. “എൻ്റെ തിരിച്ചുവരവിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, കാരണം അത് എൻ്റെ കൈയിലില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്നത് നിർത്തി. ഞാൻ കളിക്കുന്ന ടീമുകൾക്ക് വേണ്ടി പ്രകടനം നടത്തുക എന്നതാണ് എൻ്റെ ജോലി. ഞാൻ എൻ്റെ ക്രിക്കറ്റ് ആസ്വദിക്കുകയാണ്, രാജസ്ഥാൻ റോയൽസിനായി വിക്കറ്റ് വീഴ്ത്താൻ കാത്തിരിക്കുകയാണ്, യുസ്വേന്ദ്ര ചാഹൽ പറഞ്ഞു.

രാജസ്ഥാൻ മുംബൈയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി സീസണിലെ മൂന്നാം വിജയം സ്വന്തമാക്കുക ആയിരുന്നു.