നടക്കാൻ കഴിയുന്ന അവസാന ദിനം വരെ ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കും, അതായിരിക്കും കളിക്കുന്ന അവസാന ടൂർണമെന്റ്; വെളിപ്പെടുത്തലുമായി ആർസിബി സൂപ്പർ താരം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ താൻ കളിക്കുന്ന അവസാന ടൂർണമെന്റ് ഇന്ത്യൻ പ്രീമിയർ ലീഗ് ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ്. “ഐപിഎൽ ഞാൻ കളിക്കുന്ന അവസാന ടൂർണമെന്റായിരിക്കും, ഞാൻ നടത്തം നിർത്തുന്നത് വരെ അതിൽ പങ്കെടുക്കും,” മാക്‌സ്‌വെൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

2012-ൽ ഡൽഹി ക്യാപിറ്റൽസിൽ കരിയറിലെ ആദ്യ മത്സരം ആരംഭിച്ച് ഒരു ദശാബ്ദത്തിലേറെയായി മാക്‌സ്‌വെൽ ഐപിഎല്ലിൽ മത്സരിക്കുന്നു. ആദ്യ സീസണിന് ശേഷം 2013-ലെ ലേലത്തിൽ മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ കോടികണക്കിന് രൂപ കൊടുത്ത് ടീമിൽ എത്തിയതോടെ അദ്ദേഹം ടീമിലെ മില്യൺ ഡോളർ കളിക്കാരനായി.

2014-ൽ അദ്ദേഹം പഞ്ചാബ് കിങ്‌സിൽ എത്തി . 187.75 സ്‌ട്രൈക്ക് റേറ്റിൽ 552 റൺസാണ് വലംകൈയ്യൻ താരം നേടിയത്. 2021 ലേലത്തിൽ ആർസിബിയിൽ ചേരുന്നതിന് മുമ്പ് അടുത്ത അഞ്ച് സീസണുകളിൽ അദ്ദേഹത്തിന് പിന്നെ കാര്യമായ പ്രകടനം ഒന്നും നടത്താൻ പറ്റിയില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബാംഗ്ലൂർ ടീമിനായി 2021, 2022, 2023 വർഷങ്ങളിൽ അദ്ദേഹം യഥാക്രമം 513, 301, 400 റൺ നേടി. ഐപിഎൽ 2023 ൽ, അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 183.49 ആയിരുന്നു.

“വർഷങ്ങളായി ഐപിഎൽ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഞാൻ വലിയ കളിക്കാരുമായും പരിശീലകരുമായും കളിച്ചിട്ടുണ്ട്, അത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എബി ഡിവില്ലിയേഴ്സിനും വിരാട് കോഹ്‌ലിക്കുമൊപ്പം രണ്ട് മാസം നിങ്ങൾ ഡ്രസ്സിംഗ് റൂം പങ്കിടുകയാണ്. ഏതൊരു ക്രിക്കറ്റ് താരത്തിനും ആവശ്യപ്പെടാവുന്ന ഏറ്റവും വലിയ പഠനാനുഭവമാണിത്.” മാക്സ്വെൽ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎൽ കളിക്കും. ടൂർണമെന്റിൽ കൂടുതൽ ഓസ്ട്രേലിയൻ താരങ്ങളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് മാക്സ്വെൽ. ട്രാവിസ് ഹെഡ്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ലേലത്തിൽ തങ്ങളുടെ പേരുകൾ നൽകിയത്.

“നിരവധി ഓസ്‌ട്രേലിയൻ കളിക്കാർക്ക് ഐപിഎല്ലിൽ കളിക്കാനും വെസ്റ്റ് ഇൻഡീസിലേതിന് സമാനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” വ്യാഴാഴ്ച നടക്കുന്ന ബിബിഎൽ ഉദ്ഘാടന മത്സരത്തിൽ മാക്സ്വെൽ മെൽബൺ സ്റ്റാർസിനെ നയിക്കും. തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.