ഞാനൊന്നും ചെയ്തിട്ടില്ല, പിഴ ചുമത്തിയത് തെറ്റ്; ഇടഞ്ഞ് കോഹ്‌ലി, ബി.സി.സി.ഐയെ സമീപിച്ചു

ഐപിഎല്‍ മത്സരത്തിനിടെ ഗൗതം ഗംഭീറുമായും നവീന്‍ ഉള്‍ ഹഖുമായും ഉണ്ടായ തര്‍ക്കം വിശദീകരിച്ച് വിരാട് കോലി ബിസിസിഐ ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം, കോഹ്ലി നിരവധി ബിസിസിഐ ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതുകയും സാഹചര്യം വിശദീകരിക്കുകയും ചെയ്തതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിസിസിഐ തനിക്ക് ചുമത്തിയ പിഴയില്‍ കോഹ്‌ലി നിരാശ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബോര്‍ഡില്‍ നിന്ന് ഇത്രയും പിഴ ഈടാക്കാന്‍ താന്‍ നവീന്‍-ഉള്‍-ഹഖിനെയോ ഗംഭീറിനെയോ ഒന്നും ചെയ്തിട്ടില്ലെന്ന് കോഹ്‌ലി പറഞ്ഞു. ഗംഭീറും കോഹ്ലിയും തമ്മിലുള്ള തര്‍ക്കം ലെവല്‍ 2 കുറ്റമായി കണക്കാക്കുകയും ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തുകയും ഇരുവര്‍ക്കും മാച്ച് ഫീയുടെ 100% പിഴ ചുമത്തുകയും ചെയ്തിരുന്നു.

ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തിൽ  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലഖ്നൗ സൂപ്പർ ജയന്റസും ഏറ്റുമുട്ടിയപ്പോഴാണ് വിവാദ സംഭവം അരങ്ങേറിയത്. മത്സരത്തിന് ശേഷം കോഹ്ലിയും  ഗംഭീറും തമ്മിലുണ്ടായ തർക്കവും തുടർന്നുണ്ടായ വാക്കേറ്റവും എല്ലാം  ചൂടൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.

പേസർ നവീൻ ഉൾ ഹഖാണ് വഴക്കുകൾക്ക് തുടക്കമിട്ടത്, ഗംഭീർ വിഷയത്തിൽ ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇപ്പോഴിതാ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള ഈ വഴക്കിനിടെ  അവർ തമ്മിൽ പറഞ്ഞ  കാര്യങ്ങൾ എന്തൊക്കെയെന്ന വിശദാംശങ്ങളും പുറത്ത് വന്നിരുന്നു.