ഞാൻ എന്നെ തന്നെ സംശയിച്ചിരുന്നു, സാധിക്കില്ലെന്ന് വരെ വിധിയെഴുതി, പക്ഷെ ഈ ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. സഞ്ജു സാംസന്റെ സംഹാരതാണ്ഡവത്തിനായിരുന്നു ഇന്നലെ ആരാധകർ സാക്ഷിയായത്. 50 പന്തിൽ 4 സിക്‌സും 12 ഫോറും അടക്കം 97* റൺസാണ് സഞ്ജു അടിച്ചെടുത്തത്. തന്റെ പ്രകടനം കൊണ്ട് വിമർശകർക്കുള്ള മറുപടിയും കൊടുത്തിരിക്കുകയാണ് താരം. മത്സരത്തിലെ താരമായതും സഞ്ജു തന്നെ. ഇപ്പോഴിതാ സഞ്ജു സാംസൺ സംസാരിച്ചിരിക്കുകയാണ്.

‘ഈ നിമിഷം എനിക്ക് ലോകത്തോളം വലുതാണ്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിന് കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിക്കുകയും ചെയ്തിരുന്നു. എന്ത് സംഭവിക്കും, എന്നെക്കൊണ്ട് ഇത് സാധിക്കുമോ എന്നെല്ലാം ചിന്തിച്ചിരുന്നു. പക്ഷേ ഞാന്‍ എന്നിൽ വിശ്വാസമർപ്പിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്’

‘ഈ ഫോര്‍മാറ്റിൽ ഞാന്‍ ഒരുപാട് കാലമായി കളിക്കുന്നുണ്ട്. വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പോലുള്ള ഇതിഹാസതാരങ്ങള്‍ കളിക്കുന്നത് ഡഗ്ഔട്ടില്‍ ഇരുന്ന് ഞാന്‍ കണ്ടുപഠിക്കാറുണ്ടായിരുന്നു. ആ അനുഭവം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ ഒരുപക്ഷേ 50-60 മത്സരങ്ങളേ കളിച്ചിട്ടുണ്ടാകൂ, പക്ഷേ നൂറിലധികം മത്സരങ്ങൾ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. മികച്ച താരങ്ങൾ എങ്ങനെയാണ് മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതെന്നും സാഹചര്യത്തിനനുസരിച്ച് എങ്ങനെയാണ് കളി മാറ്റുന്നതെന്നും ഞാൻ കണ്ടു പഠിച്ചു’

‘ഞാന്‍ ഇത്രയും മികച്ചൊരുകാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്. ആരാധകര്‍ ഒരുപാട് പിന്തുണയും ഊര്‍ജ്ജവും നല്‍കുന്നുണ്ട്. ഞാന്‍ പന്ത് കൃത്യമായി നിരീക്ഷിച്ച് ഷോട്ടുകള്‍ കളിച്ചു. എന്നില്‍ത്തന്നെ വിശ്വസിച്ചു’, സഞ്ജു പറഞ്ഞു.

Read more

വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരുന്നപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിശേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18), തിലക് വര്‍മ (27), ഹാര്‍ദിക് പാണ്ഡ്യ (17), ശിവം ദുബെ (8*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.