ടീം ഇന്ത്യയിലേക്ക് ഈ സൂപ്പര്‍ താരം വീണ്ടും തിരിച്ചെത്തുന്നു

ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പര്യടത്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേലിനേയും പരിഗണിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് ചില ക്രിക്കറ്റ് വെബ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന കാര്യത്തെപ്പറ്റിയൊന്നും താന്‍ ആലോചിക്കാറില്ലെന്ന് പാര്‍ത്ഥിവ് പട്ടേല്‍ പറയുന്നു. ഇന്ത്യന്‍ ടീമിലെത്തുക എന്ന സ്വപ്‌നമാണെന്നും അതൊന്നും തന്റെ തീരുമാനം അനുസരിച്ചല്ല നടപ്പിലാകുകയെന്നും പാര്‍ത്ഥീവ് പറയുന്നു.

“ഇന്ത്യന്‍ ടീമിലെത്തുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്, തന്റെയും. എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ആലോചിച്ച് താന്‍ തല പുണ്ണാക്കാറില്ല.കാരണം അതൊന്നും എന്റെ കൈയ്യില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല. എനിക്ക് മുകളില്‍ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരൊക്കെയുമുണ്ട്. പാര്‍ത്ഥിവ് പറയുന്നു.

2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് പാര്‍ത്ഥീവ് അവസാനമായി ഇന്ത്യന്‍ ജെഴ്‌സി അണിഞ്ഞത്. അന്ന് ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കില്‍ കൈയ്‌ക്കേറ്റ പരിക്ക് താരത്തിന് തിരിച്ചടിയായി. പിന്നീട് ടീം ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ പട്ടേലിന് കഴിഞ്ഞില്ല.

2003 ല്‍ സൗരവ് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ലോകകപ്പ് ഫൈനലിലെത്തിയപ്പോള്‍ പാര്‍ത്ഥിവ് പട്ടേലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. മുപ്പത്തിരണ്ടുകാരനായ ഈ ഇടം കൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാവി വിക്കറ്റ് കീപ്പര്‍ എന്ന് വിലയിരുത്തപ്പെട്ട താരമാണ്, പക്ഷേ മഹേന്ദ്ര സിംഗ് ധോണിയേയും ദിനേഷ് കാര്‍ത്തിക്കിനെയും പോലെയുള്ള പ്രതിഭകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുയര്‍ന്ന് വന്നപ്പോള്‍ പാര്‍ത്ഥിവ് പതുക്കേ തിരശീലയ്ക്ക് പിന്നിലേക്ക് പോവുകയായിരുന്നു.

ജനുവരി അഞ്ച് മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റും ആറ് ഏകദിനവുമാണ് പരമ്പരയിലുളളത്.