IPL 2024: ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മോശം ബോളിംഗ് അവന്റേത്, ഇന്ത്യൻ താരത്തെക്കുറിച്ച് സുനിൽ ഗവാസ്‌കർ

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പുതിയ ക്യാപ്റ്റൻസിക്ക് കീഴിൽ 2024 ലെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മുംബൈ ഇന്ത്യൻസ് വിഷമിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമേ നേടിയിട്ടുള്ളു. ഇന്നലത്തെ മത്സരത്തിൽ ചിരവൈരികളായ ചെന്നൈ സൂപ്പർ കിങ്‌സിനോട് മുംബൈ പരാജയപ്പെടുക ആയിരുന്നു.

മത്സരത്തിലുടനീളം ചെന്നൈ കൃത്യമായ ആധിപത്യം പുലർത്തി. ഒടുവിൽ 20 റൺസിന് അവർ വിജയിച്ചു. ക്യാപ്റ്റൻ ഹാർദിക്കിൻ്റെ ഭാഗത്ത് നിന്ന് ബാറ്റിംഗിലും ബോളിങ്ങിലും ക്യാപ്റ്റൻസിയിലും എല്ലാം ഉണ്ടായത് അതിദയനീയ പ്രകടനമാണ്. സിഎസ്‌കെയ്‌ക്കെതിരെ ഹാർദിക് അമിതാത്മവിശ്വാസത്തിൽ അവസാന ഓവർ എറിയാൻ എത്തുകയും അവിടെ നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങുകയും ചെയ്തു. ആ ഓവറിൽ ധോണി താരത്തെ അടിച്ചുപറത്തുകയും ചെയ്തു.

അദ്ദേഹത്തിൻ്റെ അതിദയനീയ പ്രകടനം കണ്ട മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ നിരാശനായി. പാണ്ഡ്യയുടെ ഓൺ-ഫീൽഡ് തീരുമാനങ്ങൾക്കും പ്രകടനത്തെയും അദ്ദേഹം വിമർശിച്ചു, അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി ” മോശം” ആണെന്നും അദ്ദേഹത്തിൻ്റെ ബൗളിംഗ് താൻ വളരെക്കാലമായി കണ്ട “ഏറ്റവും മോശം ബോളിങ്ങും” ആണെന്നും പറഞ്ഞു.

“ഒരുപക്ഷേ, വളരെക്കാലമായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ബൗളിംഗ് ആയിരുന്നു ഇന്നലെ അവന്റേത്. ധോണി അവനെതിരെ ആദ്യ പന്തിൽ സിക്സ് അടിച്ച ശേഷവും തുടരെ തുടരെ മോശം പന്തുകൾ എറിയുന്നത് കാണുമ്പോൾ ശരിക്കും നിരാശ തോന്നി. എന്നെ അടിക്കുക എന്ന തരത്തിലാണ് പന്തെറിഞ്ഞത്.” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഒരു 180 – 190 തീരേണ്ട കളി ഹാർദിക് കാരണമാണ് ചെന്നൈ 200 കടന്നതെന്നും അദ്ദേഹം പറഞ്ഞു.