ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി ഇതിഹാസ ഓള്‍റൗണ്ടര്‍ യുവ്രാജ് സിംഗ്. ഗില്‍ ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി മാറുമെന്നും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഏറെ റണ്‍സ് നേടുമെന്നും യുവരാജ് പറഞ്ഞു.
ഈ തലമുറയിലെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവ് 24കാരനായ ശുഭ്മാന്‍ ഗില്ലിനുണ്ട്. ഏറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് ഗില്‍. 19- 20 വയസ് പ്രായമുള്ളപ്പോഴേ ഗില്ലിന്റെ സമീപനം അത്തരത്തിലായിരുന്നു. ആ പ്രായത്തിലുള്ള ഒരു താരം വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ നാലുമടങ്ങ് ഗില്‍ കഠിനാധ്വാനം ചെയ്യുന്നത് കണ്ടിട്ടുണ്ട്.
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമായി മാറാന്‍ ശുഭ്മാന്‍ ഗില്ലിനാകും. ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ പര്യടനത്തില്‍ മികച്ച ബാറ്റിംഗ് ഗില്‍ പുറത്തെടുത്തിരുന്നു. ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും റണ്‍സേറെ നേടാന്‍ ഗില്ലിനാകും- യുവ്രാജ് പറഞ്ഞു.
Read more
നിലവില്‍ മികച്ച ഫോമിലാണ് ഗില്‍ ബാറ്റു വീശുന്നത്. ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 75.50 ശരാശരിയില്‍ താരം 302 റണ്‍സ് നേടി. അതിന് ശേഷം ഓസീസിനെതിരെ രണ്ട് ഏകദിനങ്ങളില്‍നിന്ന് 89 ശരാശരിയില്‍ ഗില്‍ 178 റണ്‍സും അടിച്ചുകൂട്ടിയിരുന്നു. വരുന്ന ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന വ്യക്തിഗത പ്രകടനങ്ങളിലൊന്ന് ഗില്ലിന്റേതാണ്.