ഞാൻ നേരിട്ടതിൽ ഏറ്റവും മികച്ച ബോളർ അവൻ, ശരിക്കും അദ്ദേഹം എന്നെ ബുദ്ധിമുട്ടിച്ചു: സഞ്ജു സാംസൺ

ഐപിഎൽ 17ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ രാജസ്ഥാൻ റോയൽസിന്റെ ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സഞ്ജു സാംസന്റെ നേതൃത്വത്തിൽ മികച്ച സംഘത്തെ അണിനിരത്തിയ ടീമിന് ഈ വര്ഷം കിരീടം നേടാൻ സാധിക്കുമെന്നുളള പ്രതീക്ഷയുണ്ട്. പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ജേതാക്കളായ രാജസ്ഥാൻ പിന്നീട് ഒരു സീസണിൽ ഫൈനലിൽ എത്തിയതൊഴിച്ചാൽ അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ല.

നായകൻ സഞ്ജുവിനെ സംബന്ധിച്ച് അതിനിർണായകമാണ് വരാനിരിക്കുന്ന സീസൺ. മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിൽ താരത്തിന് ലോകകപ്പ് ടീമിൽ വരെ ഇടം കിട്ടിയേക്കും. അല്ലാത്തപകഷം മോശം പ്രകടനമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെങ്കിൽ ലോകകപ്പ് ടീമിലെ സ്ഥാനം സഞ്ജു മറക്കേണ്ടതായി തന്നെ വന്നേക്കുമെന്ന് ഉറപ്പാണ്.

ഇപ്പോഴിതാ ബൗളർക്കമാർക്ക് എതിരെ തകർപ്പൻ പ്രകടനങ്ങൾ നടത്തുന്ന സഞ്ജു തന്നെ ഭയപ്പെടുത്തിയ ബോളറെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. അത് ജസ്പ്രീത് ബുംറയും റാഷിദ് ഖാനുമല്ലെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനിൽ നരെയ്‌നാണെന്നുമാണ് സഞ്ജു പറയുന്നത്. വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള നരെയ്ൻ ടി20യിൽ മികച്ച കണക്ക് അവകാശപ്പെടാൻ സാധിക്കുന്നവരിലൊരാളാണ്. മികച്ച ഫോമിൽ അല്ലാത്തപ്പോൾ പോലും താരത്തെ പ്രഹരിക്കാനും ആക്രമിക്കാനും ബുദ്ധിമുട്ടാണെന്ന് അദ്ദേഹത്തിന്റെ ടി 20 കണക്കുകൾ എടുത്താൽ മനസിലാക്കും

സഞ്ജു പറഞ്ഞത് ഇങ്ങനെയാണ്:

“നരെയ്‌ന്റെ പന്തുകളുടെ ചലനം മനസിലാക്കുക പ്രയാസമാണ്. തുടക്കം മുതൽ സ്റ്റംപിന് ആക്രമിക്കുന്ന ബൗളറാണ് നരെയ്ൻ. അതുകൊണ്ടുതന്നെ ടൈമിങ് പിഴച്ചാൽ ക്ലീൻബൗൾഡാവാനും സ്റ്റംപിങ്ങിലൂടെ പുറത്താവാനുമുള്ള സാധ്യത കൂടുതലാണ്. മികച്ച ഇക്കോണമിയോടെ പന്തെറിയുന്ന സ്പിന്നറാണ് നരെയ്ൻ. ഇത്തവണയും കെകെആർ നിരയിൽ വജ്രായുധമായി നരെയ്‌നുണ്ട്.”

എന്തായാലും പോയ സീസണിലൊക്കെ സ്ഥിരത ഇല്ലാത്ത പ്രകടനത്തിന്റെ പേരിൽ വിമർശനം കേട്ട സഞ്ജു ഈ സീസണിൽ മികച്ച പ്രകടനം നടത്താനാണ് ഇറങ്ങുന്നത്.