ടി20 ലോകകപ്പില്‍ ജഡേജയേക്കാള്‍ അവന് മുന്‍ഗണന നല്‍കണം; നിര്‍ദ്ദേശവുമായി മുന്‍ താരം

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രവീന്ദ്ര ജഡേജയെക്കാള്‍ ഇന്ത്യയുടെ പ്രാഥമിക സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലിന് മുന്‍ഗണന നല്‍കി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഇന്‍ഡോറില്‍ നടന്ന അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അക്‌സര്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

രവീന്ദ്ര ജഡേജയാണോ അക്‌സര്‍ പട്ടേലാണോ നിങ്ങളുടെ ആദ്യ സ്പിന്നര്‍ എന്നതില്‍ ഇനിയും വ്യക്തതയില്ല. എന്റെ പുസ്തകത്തില്‍ അക്‌സര്‍ പട്ടേലാണ്. എന്നിരുന്നാലും, കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യന്‍ ടീം ജഡേജയെ വൈസ് ക്യാപ്റ്റനാക്കിയതിനാല്‍, ടീം രവീന്ദ്ര ജഡേജയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം- ചോപ്ര പറഞ്ഞു.

ടീമിന്റെ തീരുമാനങ്ങള്‍ എടുക്കുന്നതിലെ അനിശ്ചിതത്വം ഊന്നിപ്പറഞ്ഞുകൊണ്ട്, അക്‌സറിന്റെ അംഗീകാരങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചോപ്ര ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, അക്സറിന്റെ മികച്ച ബോളിംഗ് സ്പെല്‍ ഉണ്ടായിരുന്നിട്ടും, രണ്ടാം ടി20 മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഓള്‍റൗണ്ട് സംഭാവനകള്‍ മുന്‍നിര്‍ത്തി ശിവം ദുബെയ്ക്ക് നല്‍കണമായിരുന്നെന്ന് ചോപ്ര പറഞ്ഞു.

Read more

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര സ്വന്തമാക്കി. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.