അവൻ ലോകകപ്പ് ടീമിലുണ്ടാകണം, അജിത് അഗാർക്കാറിനോട് പ്രത്യേക അഭ്യത്ഥന നടത്തി മുഹമ്മദ് കൈഫ്; പിന്തുണയുമായി ഇർഫാൻ പത്താനും

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ നിരവധി യുവ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മായങ്ക് യാദവ് ഒരു പേസ് സെൻസേഷനായി മാറിയപ്പോൾ റിയാൻ പരാഗ് മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ഡെത്ത് ഓവറുകളിൽ അശുതോഷ് ശർമ്മ ബോളർമാർക്ക് ഭീക്ഷണി സൃഷ്ടിക്കുകയാണ്. എന്തായാലും യുവതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുന്നത് ഇന്ത്യൻ ക്രിക്കറ്റിനും സന്തോഷം നൽകുന്ന കാര്യമാണ്.

രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന പരാഗാണ് ഏറ്റവും കൂടുതൽ ശ്രദ്ധേയനായത്. ബാറ്റിംഗ് സ്ലോട്ടിലെ മാറ്റവും പക്വതയുള്ള ബുദ്ധിപരമായ പ്രകടനവും കൊണ്ട് താരം വിമർശകരെ കൊണ്ട് കൈയടി നേടുകയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 87 ശരാശരിയിലും 158.18 സ്‌ട്രൈക്ക് റേറ്റിലും 261 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

മൂന്ന് അർധസെഞ്ചുറികളും 17 സിക്‌സറുകളും 17 ബൗണ്ടറികളുമാണ് വലംകൈയ്യൻ താരം നേടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 316 റൺസുമായി വിരാട് കോഹ്‌ലിയാണ് ബാറ്റിംഗ് പട്ടികയിൽ മുന്നിൽ. പരാഗ് നിലവിൽ സൂപ്പർ താരത്തിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

കൈഫ് താരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

“ഈ സീസണിൽ അദ്ദേഹം വീണ്ടും ഗംഭീരമായൊരു ഇന്നിംഗ്സ് കളിച്ചു. അവൻ്റെ ഷോട്ടുകൾ നോക്കൂ. ബൗളർമാർക്ക് അദ്ദേഹത്തിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പരാഗ് ഒരുപാട് മെച്ചപ്പെട്ടു, അവൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ തയ്യാറാണ്. സെലക്ടർമാർ ഞാൻ പറയുന്നത് കേട്ട് അദ്ദേഹത്തിന് ദേശീയ ടീമിൽ അവസരം നൽകണം, ”മുഹമ്മദ് കൈഫ് പറഞ്ഞു.

നേരത്തെ ഇർഫാൻ പത്താനും ഇതേ കാര്യം പറഞ്ഞിരുന്നു. വിമർശകരോട് വെറുതെ വിടാനും യുവ ബാറ്ററെ കളിക്കാൻ അനുവദിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിഹാസ ഓൾറൗണ്ടറും പരാഗിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് പ്രവചിച്ചിട്ടുണ്ട്.