അവനെ മടക്കി കൊണ്ടുവരണം, ഏഷ്യാ കപ്പിലും ലോകകപ്പിലും കളിപ്പിക്കണം; നിര്‍ദ്ദേശവുമായി മുന്‍ സെലക്ടര്‍

വരാനിരിക്കുന്ന ഏഷ്യാ കപ്പിലും നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലും വെറ്ററന്‍ ഓഫ് സ്പന്നിര്‍ ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. അശ്വിനിപ്പോള്‍ വളരെ മികച്ച മാനസികാവസ്ഥയിലാണുള്ളതെന്നും അത് തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്നും പ്രസാദ് പറഞ്ഞു.

ആര്‍ അശ്വിന്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. നിങ്ങള്‍ ഏഷ്യന്‍ സാഹചര്യങ്ങളിലാണ് കളിക്കുന്നത്. എതിര്‍ ടീമുകളിലെല്ലാം ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുള്ളതിനാല്‍ അവര്‍ക്കെതിരെയെല്ലാം മികച്ച ബോളിംഗ് കാഴ്ചവയ്ക്കാന്‍ അശ്വിനു കഴിയും.

ഓസ്ട്രേലിയന്‍ ടീമില്‍ ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. നമ്മള്‍ അതു കണ്ടിട്ടുള്ളതാണ്. അശ്വിന്‍ തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവുന്ന ബൗളറായിരിക്കും. കാരണം അദ്ദേഹമിപ്പോള്‍ വളരെ മികച്ച മാനസികാവസ്ഥയിലുമാണ്. ശ്രീലങ്കയിലും ഇന്ത്യയിലും കളിക്കുമ്പോള്‍ അശ്വിനു വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കും- പ്രസാദ് പറഞ്ഞു.

2021ലെ ടി20 ലോകകപ്പിലേക്കു സര്‍പ്രൈസ് കോള്‍ ലഭിച്ച താരമാണ് അശിന്‍. അത് നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും സംഭവിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഷ്യന്‍ പിച്ചുകളില്‍ വളരെ അപകടകാരിയായ അശ്വിന്‍ ബാറ്റ് കൊണ്ടും ടീമിനു മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ കെല്‍പ്പുള്ള താരമാണ്.