'അവന്‍ ഇപ്പോള്‍ പക്വതയുള്ള ഒരു കളിക്കാരനാണ്': ടീം ഇന്ത്യയുടെ വിലമതിക്കാനാകാത്ത താരത്തെ അഭിനന്ദിച്ച് കെവിന്‍ പീറ്റേഴ്സണ്‍

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിലെ ഗംഭീര പ്രകടനത്തില്‍ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണില്‍ നിന്ന് അര്‍ഹമായ പ്രശംസ നേടി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. താരത്തിന്റെ പക്വതയും ക്രിക്കറ്റ് മിടുക്കും തിരിച്ചറിഞ്ഞ പീറ്റേഴ്‌സണ്‍, കായികരംഗത്തെ അനുഭവസമ്പത്തിന്റെ അമൂല്യമായ സ്വഭാവത്തിന് ഊന്നല്‍ നല്‍കി.

180 പന്തില്‍ നിന്ന് 87 റണ്‍സ് സംഭാവന ചെയ്ത ജഡേജയുടെ മികച്ച പ്രകടനം മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്‌സില്‍ മുന്‍തൂക്കം സമ്മാനിച്ചു. ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സില്‍ 436 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും ജഡേജയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ ജോണി ബെയര്‍‌സ്റ്റോയുടെ നിര്‍ണായകമായ പുറത്താക്കല്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ ബോളിംഗും അതുപോലെ തന്നെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ മികച്ച ഓള്‍റൗണ്ട് പ്രകടനം മൂന്നാം ദിനത്തില്‍ ഇന്ത്യയെ പ്രബലമായ സ്ഥാനത്തേക്ക് നയിച്ചു. ഇത് വിജയസാധ്യതയുള്ള മത്സരത്തിന് കളമൊരുക്കി.

പക്വത പ്രായത്തിനനുസരിച്ച് മെച്ചപ്പെടുന്നു. നിങ്ങളുടെ ഗെയിം നന്നായി മനസ്സിലാക്കുകയും ടീമിന്റെ ആവശ്യകതകള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. അവന്‍ ഒരു പരിണമിച്ച ക്രിക്കറ്റ് കളിക്കാരനാണ്. തന്റെ കളി മനസ്സിലാക്കുന്ന പക്വതയുള്ള ഒരു ക്രിക്കറ്റ് താരമാണ് അദ്ദേഹം ഇപ്പോള്‍- പീറ്റേഴ്‌സണ്‍ പറഞ്ഞു.

അനുഭവം അമൂല്യമാണ്. നിങ്ങള്‍ പരിചയസമ്പന്നരും നിങ്ങളുടെ ഗെയിമിനെക്കുറിച്ച് അറിവുള്ളവരുമാകുമ്പോള്‍, അത് നിങ്ങളെ ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

550 അന്താരാഷ്ട്ര വിക്കറ്റുകളുമായി ജഡേജ ജവഗല്‍ ശ്രീനാഥിനെ മറികടന്ന് ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനം നേടി.