അവന്‍ ഏകദിന ക്രിക്കറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണ്, ഫോമാകാന്‍ സമയം എടുക്കും; സൂര്യകുമാറിനെ സംരക്ഷിച്ച് ദ്രാവിഡ്

സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റ് പഠിച്ചുവരികയാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടിയ ദ്രാവിഡ് ടി20 ഏകദിന ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമാണെന്നും ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അധികം കളിച്ചു പരിചയമില്ലാത്തത് സൂര്യയുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നും പറഞ്ഞു.

ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യക്കായി നാലാം നമ്പറില്‍ ശ്രേയസിന് തിളങ്ങാന്‍ കഴിയുമായിരുന്നു. ദീര്‍ഘകാലം ആ സ്ഥാനത്ത് കളിക്കുന്ന ബാറ്ററാണ് ശ്രേയസ്. അതുകൊണ്ടുതന്നെ സൂര്യകുമാറിന്റെ ഇപ്പോഴത്തെ ഫോമില്‍ ടീമിന് വലിയ ആശങ്കയില്ല.

മുംബൈയിലും വിശാഖപട്ടണത്തും സൂര്യ പുറത്തായത് മികച്ച രണ്ട് പന്തുകളിലായിരുന്നു. മറ്റൊരു കാര്യം, അവന്‍ 50 ഓവര്‍ കളി പഠിച്ചുവരുന്നേയുള്ളു എന്നതാണ്. ടി20യില്‍നിന്ന് ഇത് അല്പം വ്യത്യസ്തമാണ്- ദ്രാവിഡ് പറഞ്ഞു.

ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നാണക്കേടിന്റെ പടുക്കുഴിയിലാണ് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആദ്യ പന്തില്‍ പുറത്ത്, ബോളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും. മൂന്നാമത് ഒരിക്കല്‍ കൂടി സ്റ്റാര്‍ക്കിന്റെ ബോളില്‍ പുറത്താകുന്നത് സൂര്യയ്ക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.

Read more

മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവിനെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ നിലനിര്‍ത്താനാണ് സാദ്ധ്യത. രോഹിത് ശര്‍മ്മ രണ്ടാം മത്സരത്തിന് ശേഷം പറഞ്ഞ കാര്യങ്ങളും ദ്രാവിഡിന്‍റെ കമന്‍റും അതിനുള്ള സാദ്ധ്യത ശക്തമാക്കുന്നു. ഒരു അവസരം കൂടി അദ്ദേഹത്തിനു നല്‍കാനായിരിക്കും ടീം ശ്രമിക്കുക. എന്നിരുന്നാലും സൂര്യയെ നാലാം നമ്പരില്‍നിന്നുമാറ്റി ആറാം നമ്പരില്‍ ഇറക്കാനുള്ള സാദ്ധ്യതയുണ്ട്.