മണാലിയാത്ര ഉണ്ടാക്കിയ പൊല്ലാപ്പ്, ഒടുവില്‍ എച്ച്‌.ഐ.വി ടെസ്റ്റ് നടത്തേണ്ടി വന്നു; വെളിപ്പെടുത്തി ധവാന്‍

ശിഖര്‍ ധവാന്‍ ഓപ്പണര്‍ എന്ന നിലയിലുള്ള മികച്ച പ്രകടനത്തിന് മാത്രമല്ല, ഫീല്‍ഡിന് പുറത്തുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിലും പേരെടുത്തിട്ടുണ്ട്. അത് താരത്തിന്റെ മീശയോ, തുടയിലെ തട്ടലോ, ഹെയര്‍സ്‌റ്റൈലോ, ഇന്‍സ്റ്റാഗ്രാം റീലുകളോ ആകട്ടെ, ധവാന്‍ എപ്പോഴും ഫീല്‍ഡില്‍ സജീവമാണ്. ഒപ്പം അദ്ദേഹത്തിന്റെ ശരീരത്തിലെ ടാറ്റുകളും ശ്രദ്ധേയമാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ധവാന്‍ തന്റെ ശരീരത്തിലെ ടാറ്റൂകളെക്കുറിച്ച് വെളിപ്പെടുത്തിയത്. താന്‍ ആദ്യം ചെയ്ത ടാറ്റൂവിനെക്കുറിച്ചും അത് തന്നെ വിഷമകരമായ ഒരു സാഹചര്യത്തിലേക്ക് നയിച്ചതിനെ കുറിച്ചും താരം മനസ് തുറന്നു.

എനിക്ക് 14-15 വയസുണ്ടാകുമ്പോഴാണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവച്ച് കുടുംബത്തെ അറിയിക്കാതെ ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റു ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്നു നാലു മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റു ഒളിപ്പിച്ചുവച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി.

പിന്നീട് എനിക്ക് ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. ടാറ്റു വരച്ചതിനു ശേഷമാണ് ആ സൂചി എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാന്‍ ഓര്‍ത്തത്. തുടര്‍ന്ന് ഞാന്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. ആദ്യത്തെ ടാറ്റുവില്‍ പിന്നീട് കൂടുതല്‍ ഡിസൈനുകള്‍ ചേര്‍ത്തു. കൈയില്‍ ശിവന്റെയും അര്‍ജുനന്റെയും ടാറ്റു ഉണ്ട്- ശിഖര്‍ ധവാന്‍ പ്രതികരിച്ചു.

നിലവില്‍ ഐപിഎല്‍ 16ാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് ശിഖര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനാണ് താരം. പഞ്ചാബിന് ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ 15 സീസണില്‍ രണ്ട് തവണമാത്രമാണ് അവര്‍ക്ക് പ്ലേഓഫില്‍ പോലും കടക്കാനായത്. ഇതിനൊരു മാറ്റമാണ് ഈ സീസണില്‍ ടീം ലക്ഷ്യം വയ്ക്കുന്നത്.