ഫീൽഡിങ്ങിൽ ഗുജറാത്ത് പരാജയമായിരുന്നു, ഒരുപാട് ക്യാച്ചുകളും വിട്ടു, ഇതുകൊണ്ടാണ് തോറ്റത്: ശുഭ്മൻ ഗിൽ

തുടർച്ചയായ രണ്ടാം തവണയും ഐപിഎലിൽ ഫൈനലിലേക്ക് പ്രവേശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ ഗുജറാത്തിനെതിരെ നടന്ന ആദ്യ പ്ലേയോഫിൽ 92 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 162 റൺസിന് ഓൾ ഔട്ടായി.

നായകൻ രജത് പാട്ടീദാറിന്റെ മികവിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി 254 റൺസ് നേടിയത്. 33 പന്തിൽ ഒമ്പത് സിക്‌സറും അഞ്ച് ഫോറും അടക്കം 93* റൺസാണ് രജത് നേടിയത്. വിരാട് കോഹ്‌ലിയും ക്രുനാൽ പാണ്ഡ്യയും 43 റൺസ് വീതം നേടി. കൂടാതെ ദേവദത്ത് പടിക്കൽ 30 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. മത്സരശേഷം തോറ്റ കാരണം പറഞ്ഞ് സംസാരിച്ചിരിക്കുകയാണ് ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ.

‘എനിക്ക് തോന്നുന്നു ഞങ്ങൾ 12-14 ഓവറുകൾ വരെ നന്നായി പോയിരുന്നു. പക്ഷെ ഞങ്ങളുടെ ഫീൽഡർമാർ വിചാരിച്ച പ്രകടനം കാഴ്ച വെച്ചില്ല. ഒരുപാട് ക്യാച്ചുകൾ ഡ്രോപ്പ് ആക്കി, കൂടാതെ ഫീൽഡിങ്ങിലും വിചാരിച്ച പോലെ അവർ കളിച്ചില്ല. ഞാൻ മുൻപ് പറഞ്ഞ പോലെ ഈ മത്സരവും ഞങ്ങൾ ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നായി മാറി. മൊഹാലിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഒന്നുടെ നന്നായി തുടങ്ങണം’ ഗിൽ പറഞ്ഞു.

Read more

ഗുജറാത്തിനായി 43 പന്തിൽ 68 റൺസ് നേടിയ രാഹുൽ തേവാട്ടിയയാണ് ടോപ് സ്‌കോറർ. ജോസ് ബട്ലർ 29 റൺസും സായ് സുദർശൻ 14 റൺസും നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ആർസിബിക്കായി ജേക്കബ് ഡഫി മൂന്നും റാസിഖ് സലാം, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ടും വിക്കറ്റ് നേടി.