GT VS MI: താനൊക്കെ എവിടുത്തെ അമ്പയർ ആടോ, മത്സരം തുടങ്ങാതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കാതെ; കലിപ്പിൽ ആശിഷ് നെഹ്റ; കിട്ടിയത് വമ്പൻ പണി

ചൊവ്വാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിഎൽ 2025 മത്സരത്തിൽ ആശിഷ് നെഹ്റ കലിപ്പിലായ ഒരു സംഭവം നടന്നു. മുംബൈയിൽ നടന്ന മത്സരത്തിൽ രണ്ട് തവണ മഴ കാരണം തടസ്സം നേരിട്ടു. രണ്ട് തവണ മഴ കാരണം മത്സരം നിർത്തിവെക്കുന്ന അവസരത്തിൽ കാര്യങ്ങൾ എത്തി. അതിനിടെ മത്സരം പുനരാരംഭിക്കുന്ന സമയം പുലർച്ചെ 12:09 എന്ത് പുലർച്ചെ 12:25 ആക്കി മാറ്റി. മഴ നിലച്ചിട്ടും കളി പുനരാരംഭിക്കാൻ അമ്പയർമാർ വളരെ സമയം എടുത്തപ്പോഴാണ് നെഹ്‌റ രോഷാകുലനായത്. നെഹ്‌റക്ക് ഒപ്പം ഗുജറാത്തിന്റെ രാഹുൽ തെവാട്ടിയയും ഈ വിഷയത്തിൽ ദേഷ്യം കാണിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 155 റൺസടിച്ചെങ്കിലും ഗുജറാത്തിൻറെ വിജയലക്ഷ്യം 19 ഓവറിൽ 147 റൺസായി പുനർ നിർണയിച്ചിരുന്നു. ദീപക് ചാഹർ എറിഞ്ഞ അവസാന ഓവറിൽ 15 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുംബൈക്ക് അവസാന ഓവറിൽ നാല് ഫീൽഡർമാരെ മാത്രമേ നിർത്താൻ സാധിച്ചുള്ളൂ.

മഴ മാറി നിൽക്കുന്ന സമയത്ത് കളി നടന്നില്ലെങ്കിൽ നെറ്റ് റൺ റേറ്റിൽ പിറകിൽ നിൽക്കുന്ന തങ്ങൾ തോൽക്കുമെന്ന് മനസിലായി നെഹ്റ എത്രയും വേഗം മത്സരം ആരംഭിക്കാൻ പറയുക ആയിരുന്നു. മുംബൈയെ സംബന്ധിച്ച് സാഹചര്യങ്ങൾ അപ്പോൾ അനുകൂലമായതിനാൽ അവർക്ക് മത്സരം നടന്നില്ലെങ്കിലും കുഴപ്പം ഇല്ലായിരുന്നു. എന്തായാലും മോശം പെരുമാറ്റത്തിന് നെഹ്‌റക്ക് മാച്ച് ഫീയുടെ 25 % പിഴയിട്ടിരിക്കുകയാണ് ബിസിസിഐ.

ജയിച്ചാൽ പ്ലേ ഓഫ് സ്ഥാനവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ട മുംബൈ തോൽവിക്ക് പിന്നാലെ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ 11 കളികളിൽ 16 പോയൻറുമായി ഗുജറാത്ത് ടൈറ്റൻസ് ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ 11 കളികളിൽ 16 പോയൻറുള്ള ആർസിബി നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്തായി. 11 കളികളിൽ 15 പോയൻറുമായി പഞ്ചാബ് കിംഗ്സാണ് പോയൻറ് പട്ടികയിൽ മൂന്നാമത്. തുടർച്ചയായ ആറ് ജയങ്ങൾക്ക് ശേഷമാണ് മുംബൈ തോൽവിയറിയുന്നത്.

Read more