IPL UPDATES: ഒരു പരിക്ക് തീർന്നിട്ട് ഇങ്ങോട്ട് വന്നത് അല്ലെ ഉള്ളു, അപ്പോഴേക്കും അടുത്തത്; ഇന്ത്യയുടെ പേസ് സെൻസേഷൻ ഐപിഎല്ലിൽ നിന്ന് പുറത്ത്; വിമർശനം ശക്തം

ഇന്ത്യയുടെ വളർന്നുവരുന്ന പേസ് സെൻസേഷനായ മായങ്ക് യാദവ് പുറംവേദനയെത്തുടർന്ന് 2025 ലെ ഐ‌പി‌എല്ലിൽ നിന്ന് പുറത്തായതോടെ ബി‌സി‌സി‌ഐയുടെ ‘സെന്റർ ഓഫ് എക്സലൻസ്’ (മുമ്പ് എൻ‌സി‌എ എന്നറിയപ്പെട്ടിരുന്നു) വീണ്ടും പേരുദോഷം കേൾക്കുകയാണ്.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് കനത്ത തിരിച്ചടിയായി, മായങ്കിന് പുറംവേദന അനുഭവപ്പെടുകയും സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും ഐപിഎൽ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പുറത്തുപോകൽ എൽഎസ്ജിയുടെ ബൗളിംഗ് വിഭാഗത്തെ ദുർബലപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ ക്രിക്കറ്റ് ഭാവിയെ പരിപോഷിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന സ്ഥാപനമായ സെന്റർ ഓഫ് എക്സലൻസിലെ ഫിറ്റ്നസ് മാനേജ്‌മെന്റിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സമയം മുതൽ വാർത്തകളിൽ നിറഞ്ഞ 150 കിലോമീറ്റർ സ്പീഡിൽ പന്തെറിയുന്ന താരത്തിൽ ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചിരുന്നു. എന്നാൽ തുടരെ തുടരെയുള്ള പരിക്കുകൾ താരത്തെ വല്ലാതെ വേട്ടയാടുകയായിരുന്നു. അതിനാൽ തന്നെ ഈ സീസണിൽ കുറച്ചധികം മത്സരങ്ങൾ നഷ്‌ടമായ മായങ്ക് ഈ സീസണിൽ മുംബൈക്ക് എതിരായ മത്സരത്തിലൂടെയാണ് തിരിച്ചെത്തിയത്. അവിടെ 2 വിക്കറ്റ് എടുത്ത മായങ്ക് 40 റൺ വഴങ്ങി. തൊട്ടുപിന്നാലെ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ 60 റൺ വഴങ്ങിയ താരം വിക്കറ്റ് ഒന്നും നേടിയില്ല.

ഈ 2 മത്സരങ്ങളിലും സ്പീഡ് നന്നായി കുറച്ച മായങ്കിന്റെ ബുദ്ധിമുട്ടുകൾ പ്രകടമായി തന്നെ മനസ്സിലാക്കാമായിരുന്നു. എന്തായാലും ശേഷിക്കുന്ന മത്സരങ്ങളിൽ ന്യൂസിലൻഡ് പേസർ വില്യം ഒ’റൂർക്ക് താരത്തിന് പകരമായി എത്തും എന്ന് ലക്നൗ അറിയിച്ചിട്ടുണ്ട്.

Read more