ടെസ്റ്റില്‍ മാക്‌സ്‌വെല്‍ ഓപ്പണറാകണം; സര്‍പ്രൈസ് നിര്‍ദ്ദേശവുമായി ഗില്‍ക്രിസ്റ്റ്

പാകിസ്ഥാനെതിരെ ഈ മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ വെള്ളക്കുപ്പായത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍നിന്നും താരം വിരമിക്കുമ്പോള്‍ ആര് ഓപ്പണ്‍ സ്ഥാനത്തേക്ക് വരുമെന്ന ചര്‍ച്ച സജീവമാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. അടുത്ത ടെസ്റ്റ് ഓപ്പണറെക്കുറിച്ചുള്ള മൈക്കല്‍ വോണിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗില്‍ക്രിസ്റ്റ്.

ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ സമീപനം ആവര്‍ത്തിക്കാന്‍ ഓസ്ട്രേലിയ ആഗ്രഹിക്കുന്നുവെങ്കില്‍, വാര്‍ണറുടെ വിരമിക്കലിന് ശേഷം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ അവര്‍ കാമറൂണ്‍ ഗ്രീനിനെ അയയ്ക്കണം. മാര്‍നസ് ലാബുഷെയ്ന്‍, മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരും മത്സരരംഗത്തുണ്ട്. ഗില്ലി ആരെയാണ് തിരഞ്ഞെടുക്കുന്നത്? മൈക്കല്‍ വോണ്‍ ക്ലബ് പ്രേരി ഫയറില്‍ ചോദിച്ചു.

ഓസ്ട്രേലിയയക്ക് ഇംഗ്ലണ്ടിനെപ്പോലെ കളിക്കണം എന്നുണ്ടെങ്കില്‍ അവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ഓപ്പണറാക്കണം. എന്നിരുന്നാലും, അവര്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ സമീപനം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. നഥാന്‍ ലിയോണ്‍ തന്നെ അടുത്തിടെ ഇതിനെ തള്ളി സംസാരിച്ചിരുന്നു, ”ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഓസ്‌ട്രേലിയ പാകിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്. പെര്‍ത്തില്‍ ഡിസംബര്‍ 14ന് ആദ്യ ടെസ്റ്റും മെല്‍ബണില്‍ ഡിസംബര്‍ 26ന് രണ്ടാം മത്സരവും സിഡ്‌നിയില്‍ 2024 ജനുവരി 3ന് അവസാന ടെസ്റ്റും തുടങ്ങും. ടെസ്റ്റില്‍ 109 കളികളില്‍ 25 സെഞ്ചുറികളോടെ 44.43 ശരാശരിയില്‍ 8487 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്.