ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് മാക്‌സ്‌വെല്‍, ആശംസകളുമായി ക്രിക്കറ്റ് ലോകം

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലും ഭാര്യ വിനി രാമനും മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ്. സെപ്റ്റംബര്‍ 11 തിങ്കളാഴ്ച ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. വിനി രാമനും ഗ്ലെന്‍ മാക്സ്വെല്ലിനും തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് സഹതാരങ്ങളില്‍നിന്നും ആരാധകരില്‍നിന്നും ഊഷ്മളമായ ആശംസകളാണ് ലഭിക്കുന്നത്.

വിനി രാമന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ആണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ലോഗന്‍ മാവെറിക് മാക്സ്വെല്‍ എന്നാണ് ദമ്പതികള്‍ മകന പേര് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളോളം ഡേറ്റിംഗിലായിരുന്ന മാക്സ്വെല്ലും ഇന്ത്യക്കാരിയായ വിനിയും 2022 മാര്‍ച്ചിലാണ് വിവാഹിതരായത്.

View this post on Instagram

A post shared by Vini Maxwell (@vini.raman)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഗ്ലെന്‍ മാക്സ്വെല്ലിന് ഇടത് കണങ്കാലിന് വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി താരം നാട്ടിലേക്ക് മടങ്ങി. ഈ വര്‍ഷം മെയ് മാസത്തിലാണ് വിനി താന്‍ അമ്മയാകാന്‍ പോകുന്നെന്ന വിവരം പരസ്യമാക്കിയത്.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ 15 അംഗ സ്‌ക്വാഡില്‍ ഗ്ലെന്‍ മാക്സ്വെല്‍ ഇടം നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 22 നും 27 നും ഇടയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ വലംകൈയ്യന്‍ ബാറ്റര്‍ തന്റെ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.