'ഇതൊരു മോശം ഐഡിയയല്ല'; രാഹുലിന്റെയും കോഹ്‌ലിയുടെയും ഭാവി പറഞ്ഞ് ഗംഭീര്‍

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ എന്നിവരുടെ ടി20 ഭാവിയെക്കുറിച്ച് നിരീക്ഷണം നടത്തി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സീനിയേഴ്സിനെ പൂര്‍ണമായി ഒഴിവാക്കി പുതിയൊരു ടി20 ടീമിനെ വാര്‍ത്തെടുക്കുന്നത് ഒരു മോശം നീക്കമല്ലെന്നു ഗൗതം ഗംഭീര്‍ പറഞ്ഞു.

ഇതു തീര്‍ച്ചയായും വെല്ലുവിളിയുയര്‍ത്തുന്ന കാര്യം തന്നെയാണ്. ഈ യുവതാരങ്ങളില്‍ ഉറച്ചു നിന്ന്, പുതിയൊരു ടി20 ടീമിനെ സൃഷ്ടിച്ചെടുക്കുന്നത് മോശം ഐഡിയയല്ല. രാഹുലിനെ ടി20യില്‍ നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ മുന്‍ നിരയില്‍ തന്നെ ബാറ്റ് ചെയ്യിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കോഹ്‌ലിയെ സ്ഥിരം പൊസിഷനായ മൂന്നം നമ്പറില്‍ തന്നെ കളിപ്പിക്കണം.

പക്ഷെ ഇപ്പോള്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്ത യുവതാരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുകയും പക്ഷെ വലിയ ടൂര്‍ണമെന്റുകളില്‍ ഇവരെ തഴഞ്ഞ് സീനിയേഴ്സിനെ ഇന്ത്യ കളിപ്പിക്കുകയും ചെയ്താല്‍ അതു നിര്‍ഭാഗ്യകരമായിരിക്കും- ഗംഭീര്‍ പറഞ്ഞു.

ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ യുവനിരയെയാണ് ഇന്ത്യ ഇറക്കുന്നത്. പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. ടി20 ലോകകപ്പിലെ പരാജയമാണ് ഇന്ത്യയെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.