'ഇന്ത്യന്‍ ലോക കപ്പ് ടീമിന് ഒരു കുറവുണ്ട്', തുറന്നടിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരു പേസ് ബോളറുടെ കുറവുണ്ടെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ. പ്രസാദ്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റിയുള്ള ആശങ്ക തുടരുന്നതായും മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ പ്രസാദ് പറഞ്ഞു.

ഇന്ത്യയുടേത് മികച്ച ടീമാണ്. എന്നാല്‍ ഒരു ഫാസ്റ്റ് ബോളറുടെ കുറവുണ്ടെന്ന് തോന്നുന്നു. കാരണം ഇന്ത്യ ദുബായിയിലും അബുദാബിയിലുമാണ് കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത്. അതിനാല്‍ ഒരു പേസര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഉപകാരപ്പെട്ടേനെ- എം.എസ്.കെ പ്രസാദ് പറഞ്ഞു.
ഷാര്‍ജയിലാണ് ഇന്ത്യയുടെ ഭൂരിഭാഗം മത്സരങ്ങളെങ്കില്‍ ഈ ടീം മതിയായിരുന്നു. മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതിനാല്‍ ഒരു ഫാസ്റ്റ് ബോളറെ കൂടി ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു.

ajay anddu

ഹാര്‍ദിക്കിനെ ഓള്‍ റൗണ്ടറായാണ് ടീമിലെടുത്തിരിക്കുന്നത്. ബാറ്ററായി അല്ല. അതിനാല്‍ ഹാര്‍ദിക് ബോള്‍ ചെയ്യുന്നത് കാണാനാണ് താല്‍പര്യം. എന്നാല്‍ ഇപ്പോള്‍ താരം പന്തെറിയുന്നില്ല. ഹാര്‍ദിക്കിനോട് ബോള്‍ ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുകയാണോ എന്നറിയില്ല. അതോ ഹാര്‍ദിക്കിനെ ലോക കപ്പിലേക്ക് മാത്രമായി കരുതിവച്ചിരിക്കുന്നതാണോ എന്ന സംശയവും പ്രസാദ് പ്രകടിപ്പിച്ചു.