അശ്വിന്‍ ക്രീസിലേക്ക് ഇറങ്ങിയത് കാർത്തിക്കിനെ ചീത്തവിളിച്ചു കൊണ്ട്: വെളിപ്പെടുത്തല്‍

ടി20 ലോകകപ്പില്‍ ഞായറാഴ്ച മെല്‍ബണില്‍ നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ മാസ്മരിക വിജയത്തിന്റെ ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിരാട് കോഹ് ലി തന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ വിജയലക്ഷ്യം കടത്തിയത് അശ്വിനായിരുന്നു. ഇപ്പോഴിതാ നിര്‍ണായക നിമിഷത്തില്‍ ക്രീസിലേക്ക് എത്തിയപ്പോഴുണ്ടായ തന്റെ മാനസികാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍.

ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഒരു നിമിഷത്തേക്ക് ഞാന്‍ ദിനേശ് കാര്‍ത്തിക്കിനെ ചീത്തവിളിച്ചു. പക്ഷെ പിന്നെ ചിന്തിച്ചു, ഇല്ല, നമുക്ക് സമയമുണ്ട്. എന്തിനാണോ ഇവിടേക്ക് വന്നത് അത് ചെയ്യാം എന്ന്. ആ പീച്ചിലേക്ക് എത്താനായി കാലങ്ങളായി നടക്കുന്നത് പോലെ നീണ്ടൊരു നടത്തമായിരുന്നു അത്.

പന്ത് ലെഗ് സൈഡിലേക്ക് പോകുന്ന നിമിഷം ഞാന്‍ അത് കളിക്കുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കുകയും ലീവ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. വൈഡിലൂടെ ഒരു റണ്‍ നേടാനാകുമെന്ന് മനസിലായി. ആ ഒരു റണ്‍ നേടിയതും ഞാന്‍ ഒരുപാട് റിലാക്സ്ഡ് ആയെന്നും അശ്വിന്‍ തന്‍രെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

അവസാന ഓവറിലെ അവസാന ബോളുകളിലാണ് അശ്വിന്‍ ക്രീസിലേക്ക് എത്തിയത്. കാര്‍ത്തിക് പുറത്തായതിന് പിന്നാലെയായിരുന്നു ഇത്. താന്‍ ഫെയ്‌സ് ചെയ്ത് ആദ്യ ബോള്‍ തന്ത്രപരമായി ഒഴിവാക്കി അശ്വിന്‍ വൈഡിലൂടെ ഒരു റണ്‍ നേടികൊടുത്തു. അടുത്ത ബോള്‍ മികച്ച ഷോട്ടിലൂടെ അടിച്ചകറ്റി അശ്വിന്‍ ടീമിന് വിജയവും നേടിക്കൊടുത്തു.