ഫ്‌ളോപ്പിനു പകരം ഫ്‌ളോപ്പ്; വേറെ വഴിയില്ലാതെ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്ലിന്റെ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ പരിചയ സമ്പന്നനായ ഇടംകൈയന്‍ ബാറ്റര്‍ സുരേഷ് റെയ്‌ന തിരിച്ചുവരും. ധോണി നല്‍കിയ രണ്ട് അവസരങ്ങളും നഷ്ടപ്പെടുത്തിയ റോബിന്‍ ഉത്തപ്പയായിരിക്കും റെയ്‌നക്ക് വഴിമാറുക.

ബാറ്റര്‍മാരുടെ കാര്യത്തില്‍ സൂപ്പര്‍ കിംഗ്‌സിന് തെരഞ്ഞെടുക്കലുകള്‍ക്കുള്ള അവസരം കുറവാണ്. ഫോമിലല്ലാത്ത സുരേഷ് റെയ്‌നയെ വീണ്ടും പരീക്ഷിക്കാന്‍ സൂപ്പര്‍ കിംഗ്‌സ് നിര്‍ബന്ധിതമാകുന്നത് അതാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരുടെ കൂട്ടത്തിലാണെങ്കിലും സീസണില്‍ റെയ്‌ന പാടെ നിറംമങ്ങിയിരുന്നു. 12 മത്സരങ്ങളില്‍ 160 റണ്‍സ് മാത്രമാണ് റെയ്‌നയുടെ സമ്പാദ്യം, ശരാശരി 17.77. റെയ്‌നയുടെ സ്‌ട്രൈക്ക് റേറ്റും താഴേക്കുപോയി.

വമ്പനടികള്‍ക്ക് പഴയ കരുത്തില്ലെന്നതാണ് റെയ്‌ന നേരിടുന്ന പ്രശ്‌നം. റെയ്‌ന തിളങ്ങാത്ത സാഹചര്യത്തിലാണ് പ്ലേ ഓഫ് ഉറപ്പിച്ചശേഷം റോബിന്‍ ഉത്തപ്പയെ ധോണി പരീക്ഷിച്ചത്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ച ഉത്തപ്പ നിരാശപ്പെടുത്തി. അതോടെ വീണ്ടും റെയ്‌നയിലേക്ക് തിരിയാന്‍ ധോണി പ്രേരിതനാവുകയും ചെയ്തു.

ചേതേശ്വര്‍ പുജാരയും എന്‍. ജഗദീശനും സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റര്‍മാരാണ്. ടെസ്റ്റ് സ്‌പെഷലിസ്റ്റായ പുജാരയെ ഒരു തരത്തിലും പ്ലേ ഓഫില്‍ കളിപ്പിക്കാനാവില്ല. ഐപിഎല്ലില്‍ ഇക്കുറി ജഗദീശനും ചെന്നൈ അവസരം നല്‍കിയിട്ടില്ല. സുപ്രധാന മത്സരത്തില്‍ ജഗദീശനെ ഇറക്കുന്നത് പന്തിയല്ലാത്തതിനാലാണ് ധോണിയുടെ പ്രിയ സുഹൃത്തുകൂടിയായ റെയ്‌നയെ വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് സൂപ്പര്‍ കിംഗ്‌സ് എത്തിച്ചേര്‍ന്നത്.

Read more