ഒരു ഓവറില്‍ അഞ്ച് ബോള്‍!, ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല; വരുന്നു സി.സി.എഫ് സീസൺ 2

സിനിമ, ടെലിവിഷന്‍, മാധ്യമ,പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിട്ടി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തുടക്കമായി. 14 ടീമുകൾ മാറ്റുരക്കുന്ന രണ്ടാമത് സീസണിൽ മലയാള സിനിമയിലെ 28 പ്രധാന താരങ്ങളാണ് ടീമുകളുടെ സെലിബ്രിറ്റി ഓണർമാരും അംബാസിഡർമാരുമായി അണിനിരക്കുന്നത്. സി.സി.എഫ് 100എക്‌സ് ഫോര്‍മാറ്റ് എന്ന പേരില്‍ ഒരു ഇന്നിംഗ്‌സില്‍ 100 ബോള്‍ ഡെലിവറി ചെയ്യുന്ന കേളി ശൈലിയാണ് സി.സി.എഫ് അവതരിപ്പിക്കുന്നത്.

ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന 20 ഓവര്‍ വീതമാണ് ഇന്നിംഗ്‌സ്. മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് എന്ന് പ്രസിഡൻ്റ് അനിൽ തോമസ് പറഞ്ഞു. ഫെബ്രുവരി 4 മുതൽ 14 വരെ കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക.സിസിഎഫ് 100x അരങ്ങേറുന്ന രണ്ടാം സീസണിൽ 12 പ്രത്യേക നിയമാവലികളോടെയാണ് ഓരോ മത്സരവും നടക്കുക. സിസിഎഫ് 100x ടൂർണമെന്റിന്റെ ലോഗോ രണ്ടാം സീസണിൻ്റെ ലോഞ്ചിൽ കേരള സ്ട്രൈക്കേഴ്സ് സിഇഒ ബിന്ദു ബിജേന്ദ്രനാഥ് നിർവഹിച്ചു.

വിജയകരമായ ഒന്നാം സീസൺ പൂർത്തീകരിച്ചതിനുശേഷമാണ് രണ്ടാം സീസണിന് തുടക്കമാകുന്നത്. കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണ.മെന്റാണ് രാജഗിരി ഗ്രൗണ്ടിൽ നടക്കാൻ പോകുന്നത്. ടൂർണമെന്റിന്റെ തീം മ്യൂസിക് റീലോഞ്ചും ചടങ്ങിൽ നടന്നു. സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യന്റെ സാന്നിധ്യത്തിൽ സിനിമാതാരം നരൈനാണ് തീം മ്യൂസിക്കിന്റെ റീലോഞ്ച് നടത്തിയത്. ഐപിഎൽ മാതൃകയിൽ ലേലത്തിലൂടെയാണ് ടീമുകൾ താരങ്ങളെ സ്വന്തമാക്കിയത്.

സിസിഎഫ് പ്രസിഡന്റ് അനിൽ തോമസ്, സെക്രട്ടറി ശ്യാംധർ, ട്രഷറർ സുധീപ് കാരാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജീഷ്.എം.വി, അശോക് നായർ,രാഹുൽ സുബ്രഹ്മണ്യൻ,സമർത്, സുജിത്ത് ഗോവിന്ദൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി. സിനിമാതാരങ്ങളായ നരൈൻ, സണ്ണി വെയ്ൻ, കലാഭവൻ ഷാജോൺ,വിഷ്ണു ഉണ്ണികൃഷ്ണൻ, മഹിമ നമ്പ്യാർ,ആൽഫി പഞ്ഞിക്കാരൻ, ആതിര പട്ടേൽ, അൻസിബഹസൻ, അനഘ നാരായണൻ, ശോഭാ വിശ്വനാഥ്, സിജാറോസ്,അതിഥി രവി ,ഡയാന ഹമീദ് തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി