കാത്തിരുന്ന് അയാള്‍ പകരം വീട്ടി, ഗാംഗുലിയെ പുറത്താക്കിയതിന് പിന്നില്‍ മുന്‍ പ്രസിഡന്റിന്റെ പ്രതികാര ദാഹം; റിപ്പോര്‍ട്ട്

ബിസിസിഐയില്‍ നിന്ന് ഗാംഗുലിയെ പുറത്താക്കിയതിന് പിന്നില്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ സൗരവ് പരാജയപ്പെട്ടുവെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്ന തരത്തിലേക്ക് പോയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് ബിന്നിയെ നാമനിര്‍ദേശം ചെയ്യുന്നതില്‍ ശ്രീനിവാസന്‍ പ്രധാന പങ്കുവഹിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 2019 മുതലുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിജേഷ് പട്ടേലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കാര്യങ്ങളിലാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. അതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും ശ്രീനിവാസന്‍ ഒരിക്കലും ഈ നാണക്കേട് മറന്നിട്ടില്ലെന്നും അത് ശരിയാക്കാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ഇത് അന്തസ്സിന്റെ പ്രശ്നമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വാക്കിന് ഇപ്പോഴും വിലയുണ്ടെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടിയിരുന്നു. ഒരു പ്രസിഡന്റും തുടര്‍ച്ചയായി രണ്ട് തവണ പദവി വഹിച്ചിട്ടില്ലെന്നും അതിനാല്‍ ഈ പദവിയില്‍ ഇനിയും തുടരാന്‍ ഗാംഗുലി അര്‍ഹനല്ലെന്നുമായിരുന്നു നിലപാട്. സൗരവ് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടുവെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ പോയി.

ഇപ്പോള്‍, ബിസിസിഐയിലെ ഗാംഗുലിയുടെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൈകളില്‍ കളിച്ചിട്ടില്ല എന്നതില്‍ ഗാംഗുലി അഭിമാനിക്കുന്നെന്നും അത് എപ്പോഴും അഭിമാനത്തോടെ പറയാന്‍ അദ്ദേഹത്തിന് കഴിയുമെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മുംബൈയില്‍ 18 നു നടക്കുന്ന ബി.സി.സി.ഐ. വാര്‍ഷിക പൊതു യോഗത്തില്‍ റോജര്‍ ബിന്നി സ്ഥാനമേല്‍ക്കുമെന്നാണു സൂചന. സെക്രട്ടറിയായി ജയ് ഷാ തുടരും. വൈസ് പ്രസിഡന്റായി രാജീവ് ശുക്ല തുടരും. റോജര്‍ ബിന്നി ആദ്യമായാണു ഭരണ സമിതിയിലേക്കു വരുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന (2017-2019) ആശിഷ് സീലാര്‍ ബി.സി.സി.ഐയുടെ ട്രഷറര്‍ സ്ഥാനത്തെത്തും.