ഔട്ടായിരുന്നിട്ടും ക്രീസ് വിട്ടില്ല, ചോദ്യം ചെയ്ത് ഉടക്കി പോണ്ടിംഗ്, അമ്പയര്‍ ഇടപെട്ടപ്പോള്‍ വാദി പ്രതിയായി; പഴയ സംഭവം വെളിപ്പെടുത്തി സെവാഗ്

മൊഹാലിയില്‍ നടന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മല്‍സരത്തില്‍ പാകിസ്ഥാന്‍കാരനായ അമ്പയര്‍ ആസാദ് റൗഫ് തനിക്കെതിരേ നോട്ടൗട്ട് വിളിച്ച ഒരു സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. താന്‍ 90 നില്‍ക്കെ എഡ്ജായി ക്യാച്ചായിട്ടും അമ്പര്‍ ഔട്ട് വിളിച്ചില്ലെന്നും ബാറ്റില്‍ കൊണ്ടെന്ന് മനസിലാക്കിയിട്ടും താന്‍ ക്രീസ് വിടാന്‍ വിമസമ്മതിച്ചതും സെവാഗ് വെളിപ്പെടുത്തി.

മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ ഞാന്‍ 90 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു. ആസാദ് റൗഫായിരുന്നു അമ്പയര്‍. ഞാനൊരു കട്ട് ഷോട്ടിനു ശ്രമിച്ചു. എഡ്ജായ എന്നെ ക്യാച്ചും ചെയ്തു.

മൊഹാലിയില്‍ കാണികള്‍ അധികമില്ലായിരുന്നു. അതുകൊണ്ടു ബാറ്റില്‍ എഡ്ജായ ശബ്ദം ഡ്രസിംഗ് റൂമില്‍ വരെയെത്തിയിരുന്നു. പക്ഷെ നോട്ടൗട്ടെന്നായിരുന്നു അമ്പയര്‍ ആസാദ് റൗഫിന്റെ കോള്‍. ഉടന്‍ തന്നെ റിക്കി പോണ്ടിംഗ് എന്റെയരികിലേക്കു ഓടിയെത്തി. നിങ്ങളുടെ ബാറ്റില്‍ ബോള്‍ തട്ടിയിരുന്നില്ലേയെന്നു ചോദിച്ചു. ഞാന്‍ അതേയെന്നു പറഞ്ഞു. എങ്കില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് സ്വയം ക്രീസ് വിടാത്തതെന്നു ചോദിച്ചു.

നിങ്ങള്‍ ഒരിക്കലും ഇതുപോലെ സംഭവിച്ചാല്‍ സ്വയം ക്രീസ് വിടാറില്ല. പിന്നെ എന്നോടു എന്തിനാണ് ഇതു ആവശ്യപ്പെടുന്നതെന്നു ഞാന്‍ പോണ്ടിംഗിനോടു തിരിച്ചു ചോദിച്ചു.  വേണേല്‍ അമ്പയറോടു പോയി ചോദിക്കാന്‍ ഞാന്‍ പറഞ്ഞു. തുടര്‍ന്നു പോണ്ടിംഗ് അമ്പയറുടെ അടുത്തേക്കു പോവുകയും ബാറ്റില്‍ തട്ടിയിരുന്നതായി സെവാഗ് പറയുന്നതായി അദ്ദേഹം അമ്പയറെ അറിയിക്കുകയും ചെയ്തു.

അപ്പോള്‍ ആസാദ് റൗഫ് പോണ്ടിംഗിനോടൊപ്പം എന്റെയുടത്തേക്കു വന്നു. നിങ്ങളുടെ ബാറ്റില്‍ എഡ്ജുണ്ടായിരുന്നോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ ഞാന്‍ പോണ്ടിംഗ് കള്ളം പറയുകയാണന്നും മറുപടി നല്‍കി- സെവാഗ് ചിരിയോടെ പറഞ്ഞു.