പിഴ ശിക്ഷ കിട്ടിയാലും വെറുതെ വിടില്ല നിങ്ങളെ, ഇൻസ്റ്റാഗ്രാമിൽ ശത്രുക്കളെ കൊട്ടി കോഹ്ലി വക അടുത്ത അങ്കം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗൗതം ഗംഭീറുമായുള്ള വാക്ക്പോരിനും തർക്കത്തിനും പിഴ ശിക്ഷ കിട്ടിയിട്ടും വിരാട് കോഹ്‌ലിക്ക് ഒത്തുതീർപ്പിനുള്ള മാനസികാവസ്ഥയില്ല . ആർ‌സി‌ബി വിജയിച്ച ശേഷമുണ്ടായ വഴക്കിനെ തുടർന്നുണ്ടായ കോലാഹലങ്ങൾക്ക് ഒടുവിൽ ഇൻസ്റാഗ്രാമിലും ഗംഭീറിനെ കൊട്ടി കോഹ്ലി എത്തുക ആയിരുന്നു. തങ്ങളുടെ നാട്ടിൽ നടന്ന കളിയിൽ തങ്ങളെ തോൽപ്പിച്ചപ്പോൾ അമിതമായി തങ്ങളുടെ നാട്ടിൽ വന്ന് ആഘോഷിച്ച ഗംഭീറിനെയും കൂട്ടരെയും കോഹ്ലി അവരുടെ മടിയിൽ ചെന്നിട്ട് പണിയുക ആയിരുന്നു.

ഗൗതം ഗംഭീർ, വിരാട് കോഹ്‌ലി ഈ പേര് കേൾക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ഇരുവരും തമ്മിൽ എന്തോ ശത്രുത ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല. അതിന്റെ ബാക്കിയെന്നോണം ആകണം ഇരുവരും ഏതെങ്കിലും ഒരു മത്സരത്തിൽ പരസ്പരം കണ്ടാൽ വഴക്കിൽ കലാശിക്കാതെ പോകില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ ആയിരുന്നിട്ടും ഒരേ രാജ്യത്തെ പ്രതിനിധികരിക്കുവർ ആയിട്ടും ഇരുവരും തമ്മിലുള്ള വഴക്കിന് കാരണം എന്താണെന്ന് ആർക്കും മനസിലാകുന്നില്ല.

ഇന്നലെ നടന്ന ലക്നൗ മത്സരത്തിലും ഇരുവരും ഏറ്റമുട്ടിയിരുന്നു. എന്നാൽ ഇന്നലെ ഏത് പ്രശ്നത്തിന്റെ പേരിലാണ് ഇത്ര വലിയ ഒരു ഏറ്റുമുട്ടൽ നടന്നതെന്ന് വ്യക്തമല്ല . പ്രശ്‌നത്തിന്റെ കാരണം നവീൻ ഉൾ ഹഖുമായുള്ള കോഹ്‌ലിയുടെ വാക്ക് പോരും ഇന്നിങ്സ് മുഴുവൻ തങ്ങളെ കളിയാക്കിയിട്ടുള്ള പെരുമാറ്റം കണ്ടതാണ് ഗംഭീറിനെ ചൊടിപ്പിച്ചത് എന്ന് തോന്നുന്നു .

ഇൻസ്റ്റാഗ്രാമിൽ ഇന്നലെ നടന്ന മത്സരത്തിലെ സംഭവങ്ങൾക്ക് ശേഷം കോഹ്‌ലി പറയുന്നത് ഇങ്ങനെ – “നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങൾ മാത്രമാണ്, അത് വസ്തുതയല്ല. നമ്മൾ കാണുന്നതെല്ലാം സത്യമല്ല അതൊക്കെ കാഴ്ചപ്പാടാണ്.”

എന്തായാലും കോഹ്‌ലിക്കും ഗംഭീറിനും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയും നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴ വിധിച്ചു. “ഐ‌പി‌എൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം ഗംഭീർ സമ്മതിക്കുകയും മാച്ച് ഫീയുടെ 100 ശതമാനം അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തു. അതുപോലെ, ഐ‌പി‌എൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം കോഹ്‌ലി സമ്മതിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി.” വാർത്താകുറിപ്പിൽ പറയുന്നു.