രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ പോലും മഹത്വം കുറയില്ല, മറ്റൊരു ഐസിസി കിരീടം നേടാൻ നമ്മുടെ ഇതിഹാസങ്ങൾക്ക് സാധിക്കുമെന്നതിന്റെ തെളിവായി അയാൾ മാതൃക; നിരാശപ്പെടേണ്ട ആരാധകരെ

ബഹുഭൂരിപക്ഷം ഇന്ത്യൻ ആരാധകരും ഇപ്പോൾ കടുത്ത നിരാശയിലായിരിക്കും. ലോകകപ്പിലെ പരാജയത്തെ ലോകാവസാനമായി കാണേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. സ്പോർട്സിൽ നാം ആഗ്രഹിച്ച റിസൽട്ട് എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. ആ യാഥാർത്ഥ്യം അംഗീകരിച്ചാൽ നമ്മുടെ വേദന കുറയും. ഇന്ത്യ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും.

അഹമ്മദാബാദിൽ ഒരു ലക്ഷത്തിലേറെ വരുന്ന കാണികളുടെ മുമ്പിൽ വെച്ചാണ് ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടത്. ഇതിന് സമാനമായ ഒരു ദുരന്തം സ്പോർട്സിൽ പണ്ട് ഉണ്ടായിട്ടുണ്ട്. ബ്രസീൽ ആതിഥേയത്വം വഹിച്ച 1950-ലെ ഫുട്ബോൾ ലോകകപ്പിലാണ് അത് സംഭവിച്ചത്. അന്നത്തെ ഫൈനലിൽ യുറുഗ്വായ് ആയിരുന്നു ബ്രസീലിൻ്റെ എതിരാളികൾ. മഞ്ഞപ്പടയുടെ വിജയം കാണുന്നതിനുവേണ്ടി രണ്ട് ലക്ഷം ബ്രസീൽ സ്വദേശികളാണ് മാറക്കാന സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. പക്ഷേ കലാശപ്പോരിൽ ബ്രസീൽ തോറ്റു!

പക്ഷേ ബ്രസീലിൻ്റെ ലോകം അവിടം കൊണ്ട് അവസാനിച്ചില്ല. ആ തോൽവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്‌ പെലെ എന്ന ഫുട്ബോൾ ഇതിഹാസം പന്തുതട്ടിയത്. ബ്രസീൽ പിന്നീട് അഞ്ച് തവണ ലോകകപ്പ് ജയിക്കുകയും ചെയ്തു. ഇന്ത്യയുടെ കാര്യവും അതുപോലെയാണ്. നമ്മുടെ ടീം ലോകകപ്പിൽ കാഴ്ച്ചവെച്ച പ്രകടനം അഭിമാനം ഉണർത്തുന്നത് തന്നെയാണ്. ഒരേയൊരു ദിവസത്തെ മോശം പ്രകടനമാണ് ഇന്ത്യയെ ചതിച്ചത്. ഫൈനലിൽ നന്നായി കളിച്ച ഓസീസ് കിരീടം അർഹിക്കുന്നു.

ഫൈനൽ ജയിച്ച ടീമുകൾ മാത്രമാണോ സ്പോർട്സിൽ ഓർമ്മിക്കപ്പെടുന്നത്? 1992-ലെ ലോകകപ്പ് പാക്കിസ്ഥാനാണ് കരസ്ഥമാക്കിയത്. പക്ഷേ ആ ടൂർണ്ണമെൻ്റിലെ ന്യൂസിലാൻഡ് ടീമിനെയും മാർട്ടിൻ ക്രോ എന്ന അനശ്വരനായ നായകനെയും ലോകം ഇന്നും സ്മരിക്കുന്നുണ്ട്. 2019-ലെ ലോകകപ്പിൽ ഇംഗ്ലണ്ടാണ് വിജയിച്ചത്. പക്ഷേ അന്ന് ബൗണ്ടറിയുടെ എണ്ണത്തിൻ്റെ പേരിൽ തോറ്റുപോയ കിവീസ് ഇന്നും നോവായി അവശേഷിക്കുന്നില്ലേ?

2006-ലെ ഫുട്ബോൾ ലോകകപ്പിൽ ഇറ്റലിയാണ് മുത്തമിട്ടത്. പക്ഷേ ആ ടൂർണ്ണമെൻ്റിൽ സിനദിൻ സിദാൻ നടത്തിയ അവിശ്വസനീയമായ പ്രകടനങ്ങൾ ഫുട്ബോൾ ഫോക് ലോറിൻ്റെ ഭാഗമായി മാറിയില്ലേ? 2023-ലെ ലോകകപ്പിൽ ഇന്ത്യ പ്രദർശത്തിനുവെച്ച ബ്രാൻഡ് ഓഫ് ക്രിക്കറ്റ്‌ എക്കാലത്തും ചർച്ച ചെയ്യപ്പെടും. ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇനിയും വരും. ഇതേ കളി കെട്ടഴിച്ചാൽ ഇന്ത്യയ്ക്ക് കിരീടങ്ങൾ നേടാനും സാധിക്കും.

ഒന്നാന്തരമായി കളിച്ച രോഹിത് ശർമ്മ,വിരാട് കോഹ്ലി,മൊഹമ്മദ് ഷമി തുടങ്ങിയ നിരവധി ഇന്ത്യൻ താരങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ ചങ്ക് പിടയും. ഇനിയൊരു ലോകകപ്പ് ജയിക്കാനുള്ള ബാല്യം അവരിൽ ബാക്കിയുണ്ടോ എന്ന ചിന്ത നമ്മളെ അസ്വസ്ഥരാക്കും. സച്ചിൻ തെൻഡുൽക്കർ മുപ്പത്തിയെട്ടാം വയസ്സിലാണ് ലോകകപ്പ് ജയിച്ചത്. അതുകൊണ്ട് ഐ.സി.സി ട്രോഫികൾ നേടാനുള്ള അവസരങ്ങൾ നമ്മുടെ ലെജൻഡ്സിന് ഇനിയും കിട്ടും.

രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിലോ? അതുകൊണ്ട് അവരുടെ മഹത്വം കുറയുമോ? ബ്രയൻ ലാറ,ജാക് കാലിസ്,ഷോൺ പോളക്,വഖാർ യൂനീസ്,കോട്നി വാൽഷ്,കർട്ലി ആംബ്രോസ് തുടങ്ങിയവർക്കൊന്നും ലോകകപ്പിൽ സ്പർശിക്കാനായിട്ടില്ല. അവർ കളിയിലെ ഇതിഹാസങ്ങളല്ലേ?

ഓസീസിനെ അഭിനന്ദിക്കാം. ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാം. നാം അത്രയേ ചെയ്യേണ്ടതുള്ളൂ. ഈ തോൽവിയുടെ പേരിൽ നമ്മുടെ മാനസിക ആരോഗ്യം നശിപ്പിക്കേണ്ടതില്ല. ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്പോർട്സ് നിലകൊള്ളുന്നത്. അതിൻ്റെ പേരിൽ കണ്ണുനീർ വീഴാതിരിക്കട്ടെ…